
ആറ്റിങ്ങൽ: നഗരസഭ ആലംകോട് 1-ാം വാർഡിൽ ഒരു കുടുംബത്തിലെ 29 കാരൻ, 26 കാരി ദമ്പതികൾക്ക് രോഗ ലക്ഷണം ഉണ്ടായതിനാൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പരിശോധന നടത്തി രോഗം സ്ഥിതീകരിക്കുക ആയിരുന്നു. തുടർന്ന് ഇവരെ വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റി. ഇവരുടെ വീട്ടിലുണ്ടായിരുന്ന കുട്ടികളിൽ രണ്ടര വയസുകാരൻ മകനെയും, 9 കാരൻ അനന്തിരവനെയും വലിയകുന്ന് താലൂക്കാശുപത്രിയിലെ പരിശോധനയിൽ രോഗം സ്ഥിതീകരിക്കുകയും ഇവരെയും വക്കം സി.എഫ്.എൽ.റ്റി.സി യിലേക്ക് പ്രവേശിപ്പിച്ചു.
നഗരസഭ 14-ാം വാർഡിൽ 56 കാരനായ ഭർത്താവിനും, 42 കാരിയായ ഭാര്യക്കും രോഗം സ്ഥിതീകരിച്ചു. ഭാര്യക്ക് രോഗ ലക്ഷണം ഉണ്ടായതിനാൽ കഴിഞ്ഞ ദിവസം ഇവർ കെ.റ്റി.സി.റ്റി ആശുപത്രിയിൽ കൊവിഡ് ടെസ്റ്റ് നടത്തുകയും ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവായ 52 കാരൻ വലിയകുന്നിലെ സ്വവസതിയിൽ റൂം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇയാൾ വലിയകുന്നിൽ ആർ.എസ്. ഹാർഡ് വെയർ എന്ന സ്ഥാപനം നടത്തുന്നു. അടുത്തദിവസങ്ങളിൽ ഈ സ്ഥാപനം സന്ദർശിച്ചവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കടയിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാവാം രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നഗരസഭ 23-ാം വാർഡിൽ കണ്ണങ്കരക്കോണത്ത് 52 കാരിക്ക് രോഗം സ്ഥിതീകരിച്ചു. ഇവരെ വീട്ടിലെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ ഭർത്താവ് 63 കാരന് രോഗം ബാധിച്ചതിനെ തുടർന്ന് കടക്കാവൂർ ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വലിയകുന്ന് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിലാണ് രോഗം സ്ഥിതീകരിച്ചത്.
നഗരസഭ 21-ാം വാർഡിൽ കോട്ടുമ്മുൽകോണം 48 കാരി അമ്മക്കും, 23 കാരി മകൾക്കും രോഗം സ്ഥിതീകരിച്ചു. ഇവരെ റൂം ക്വാറന്റെനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച വൃദ്ധ ദമ്പതികളുടെ മകളും ചെറുമകളും ആണിവർ. കൂടാതെ ഈ വാർഡിൽ വിളയിൽമൂലയിൽ കഴിഞ്ഞ ദിവസം കല്യാണ നിശ്ചയ ചടങ്ങ് നടന്നിരുന്ന വീട്ടിലെ 25 കാരിക്ക് രോഗം സ്ഥിതീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൃക്ക രോഗിയായ ഇവരുടെ അച്ഛന് അസുഖം ബാധിക്കുകയും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ഉണ്ടായി. ഇവരെ കടക്കാവൂർ സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയതായി ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
റൂം ക്വാറന്റൈനിൽ കഴിയുന്ന രോഗികളുടെ വീടൊഴിച്ച് ബാക്കിയുള്ള രോഗികളുടെ വീടും പരിസരവും നഗരസഭ അണുവിമുക്തമാക്കി. ജെ.എച്ച്.ഐ മാരായ ജി.എസ്. മഞ്ചു, എ.എൽ.ഹാസ്മി, ഷെൻസി, എ.അഭിനന്ദ്, ആശാ വർക്കർമാരായ രമ്യ, ലേഖ എന്നിവരുടെ നേതൃത്വത്തിൽ വീട്ടുകാർക്കും പരിസരവാസികൾക്കും ബോധവൽക്കരണം നടത്തി.