സെപ്തംബര്‍ 5, ഇന്ന് അധ്യാപകദിനം! - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 5, ശനിയാഴ്‌ച

സെപ്തംബര്‍ 5, ഇന്ന് അധ്യാപകദിനം!

 

അധ്യാപകര്‍ക്ക് വിശേഷപ്പെട്ട സ്ഥാനമാണ് നമ്മുടെ സംസ്‌ക്കാരത്തിലുളളത്. ഇന്‍ഡ്യയില്‍ സെപ്തംബര്‍ അഞ്ചാണ് അധ്യാപകദിനം. ലോകത്ത് വിവിധരാജ്യങ്ങളില്‍ വ്യത്യസ്തദിനങ്ങളിലായി ഈ ദിനം ആചരിക്കപ്പെടുന്നു. വേള്‍ഡ് ടീച്ചേഴ്‌സ് ഡേ ഒക്ടോബര്‍അഞ്ചിനാണ് ആചരിക്കുന്നത്. ഇന്‍ഡ്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്‍ഡും രണ്ടാമത്തെ പ്രസിഡണ്ടുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് രാജ്യത്ത് ആധ്യാപകദിനമായി ആചരിക്കുന്നത്. ഇതിനു പിന്നില്‍ ഒരുകാരണമുണ്ട്.


ആരായിരുന്നു എസ് രാധാകൃഷ്ണൻ?

നല്ലൊരുആധ്യാപകനും ചിന്തകനും എഴുത്തുകാരനും ആയിരുന്നു സര്‍വ്വേപ്പളളി രാധാകൃഷ്ണന്‍ എന്ന എസ്.രാധാകൃഷ്ണന്‍ . പ്രശസ്തമായ ബനാറസ് ഹിന്ദുയൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയും അദ്ധേഹം വഹിച്ചിട്ടുണ്ട്. 1888 സെപ്തംബര്‍ അഞ്ചിന് ആന്ധ്രയില്‍ ജനിച്ച എസ്.രാധാകൃഷ്ണന്‍ മികവുറ്റ വിദ്യാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഇന്ത്യയുടെ വൈസ് പ്രസിഡണ്ടായി ചുമതലയേറ്റ സമയത്ത് എസ്.രാധാകൃഷ്ണനോട് അദ്ദേഹത്തിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒരാവശ്യം ഉന്നയിച്ചു.


സ്‌നേഹപൂര്‍വ്വമുളള ആവശ്യം

പ്രിയ അദ്ധ്യാപകന്റെ ജന്മദിനം (സെപ്തംബര്‍ അഞ്ച്) ആഘോഷിക്കണമെന്നതായിരുന്നു സ്‌നേഹപൂര്‍വ്വമുളള ആവശ്യം. ലളിതജീവിതം നയിക്കുന്ന അദ്ദേഹത്തിന് ജന്മദിന ആഘോഷങ്ങളും മറ്റും പതിവുളള കാര്യമായിരുന്നില്ല. എന്നാല്‍ ഈ ആവശ്യത്തിന് മറുപടിയായി അദ്ധേഹം മറ്റൊന്നാണ് മുന്നോട്ടുവെച്ചത്. എന്തുകൊണ്ട് തന്റെ ജന്മദിനം അധ്യാപകദിനമായി ആഘോഷിച്ചുകൂടാ?


അപൂർവ്വമായ ആദരവ്

നല്ലൊരു അധ്യാപകന്‍ കൂടിയായ അദ്ധേഹത്തിന് നല്‍കാന്‍ അതിലപ്പുറം മറ്റൊരു ബഹുമതി ഇല്ല എന്നറിഞ്ഞ വിദ്യാര്‍ത്ഥികള്‍ ആ ആവശ്യം നിറവേറ്റി. അതിനു ശേഷമാണ് 1962 മുതല്‍ സെപ്തംബര്‍ അഞ്ച് ഇന്ത്യയുടെ അധ്യാപകദിനമായി മാറിയത്. ഒരു രാഷ്ട്രിയ നേതാവിനു ലഭിച്ച അപൂര്‍വ്വ ആദരവായിരുന്നു ഈ ബഹുമതി. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.


അധ്യാപകദിനത്തിന്റെ പ്രത്യേകത

വിദ്യാഭ്യാസമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡു നല്‍കുന്നു എന്നതും ഈദിനത്തിന്റെ പ്രത്യേകതയാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥിസമൂഹത്തിന് മാതൃകയും വഴികാട്ടികളും ആകണം എന്ന സന്ദേശം കൂടിയാണ് അധ്യാപകം ദിനം ഓര്‍മ്മിപ്പിക്കുന്നതും പങ്കു വെക്കുന്നതും. ലോകത്ത് പല രാജ്യങ്ങളിലും വ്യത്യസ്ത ദിവസങ്ങളിൽ‍ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചുവരുന്നു.

Post Top Ad