ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് പദ്ധതിയ്ക്കു വേണ്ടി ആറ്റിങ്ങൽ കലാഭവൻ മണി സേവന സമിതിയുടെ സഹകരണത്തോടെയാണ് സംഗീത ആൽബം തയ്യാറാക്കിയത്. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ സമൂഹത്തിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു സംഗീത ആൽബത്തിന് രൂപം നൽകിയത്. നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ എം.പ്രദീപ് വീഡിയൊ ആൽബത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ കലാഭവൻമണി സേവന സമിതിയുമായി സഹകരിച്ചു കൊണ്ട് നടത്തിയ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടേയും കേഡറ്റുകളുടെ കാർഷിക - ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും നേർക്കാഴ്ചയാണ് ഈ ആൽബത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
ആറ്റിങ്ങൽക്കാരായ ഒരു കൂട്ടം കലാകാരൻമാരാണ് ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്. ഷിബുവിൻ്റെ വരികൾക്ക് ജിതിൻ സംഗീതം നൽകി. ഗാനം ആലപിച്ചിരിക്കുന്നത് സജീവ് ആണ്. അനന്തു കൃഷ്ണയാണ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്. ഇങ്ങനെയൊരു സംഗീത ദൃശ്യ ആൽബത്തിൻ്റെ സാക്ഷാത്കാരത്തിന് പിന്നിൽ അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ.സാബു നീലകണ്ഠൻ, കലാഭവൻ മണി സേവന സമിതി പ്രസിഡന്റ് അജിൽ മണിമുത്ത് എന്നിവരുടെ നീണ്ട കാലത്തെ പ്രയത്നമാണെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു. പ്രശസ്ത സിനിമാ സീരിയൽ ഛായാഗ്രാഹകൻ അയ്യപ്പനാണ് ഈ ആൽബത്തിൻ്റെയും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.