അന്താരാഷ്ട്ര നിലവാരത്തിൽ നാല് സ്‌റ്റേഡിയങ്ങൾ കൂടി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

അന്താരാഷ്ട്ര നിലവാരത്തിൽ നാല് സ്‌റ്റേഡിയങ്ങൾ കൂടി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.


കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അർഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തൃശൂർ ജില്ലയിലെ കൈപ്പറമ്പ് ഇൻഡോർ സ്‌റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂർ ജില്ലയിലെ പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം  എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി  നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ലോക നിലവാരമുള്ള കളിക്കളങ്ങൾ നാടെങ്ങും തയാറായിക്കൊണ്ടിരിക്കുകയാണ്. കായിക താരങ്ങൾക്ക് മികച്ച പരിശീലനത്തിനും ഒപ്പം പ്രതിഭയുള്ള കുട്ടികൾക്ക്  കളിച്ച് വളരാനും പൊതുജനങ്ങൾക്ക്  കായിക വിനോദങ്ങളിൽ ഏർപ്പെടാനും  വിപുലമായ അവസരങ്ങളാണ് ഈ കളിക്കളങ്ങളിൽ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കായിക രംഗത്ത് വിപുലവും വിശദവുമായ പദ്ധതികൾ തയ്യാറാക്കുകയാണ് സർക്കാർ ആദ്യം ചെയ്തത്.  ഈ പദ്ധതികളിൽ കളികൾക്കും കളിക്കാർക്കുമായിരുന്നു പ്രഥമ പരിഗണന. കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനം, ചെറിയ പ്രായമുള്ള  കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം, കായിക ക്ഷേമം എന്നീ മൂന്ന് വിഷയങ്ങളിൽ   ഒരു പോലെ ഊന്നൽ നൽകിയുള്ള വികസന പരിപാടികളാണ് സർക്കാർ നാല് വർഷം നടപ്പിലാക്കിയത്. കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പ് നടത്താൻ കഴിഞ്ഞു. മുൻ കാലങ്ങളിൽ സ്വപ്‌നം കാണാൻ കഴിയാത്ത വൻ മാറ്റങ്ങൾ യാഥാർത്ഥ്യമാക്കി.

കിഫ്ബിയിൽ ഉൾപ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങൾക്കും 43 പഞ്ചായത്ത്, മുൻസിപ്പാലിറ്റി സ്റ്റേഡിയങ്ങൾക്കും 1000 കോടി രൂപ അനുവദിച്ചു. കിഫ്ബി അംഗീകരിച്ച 43 കായിക സമുച്ചയങ്ങളിൽ 26 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്‌ബോൾ ഗ്രൗണ്ടുകൾ, 27 സിന്തെറ്റിക് ട്രാക്കുകൾ, 33 സ്വിമ്മിംഗ് പൂളുകൾ, 33 ഇൻഡോർ സ്‌റ്റേഡിയങ്ങൾ എന്നിവയാകും. ദേശീയ, അന്തർദേശീയ  മത്സരങ്ങൾ നടത്താൻ കഴിയുന്ന രീതിയിൽ ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ബാലൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Post Top Ad