മകളുടെ രണ്ടാം പിറന്നാൾ ക്വാറന്റൈനിൽ ആഘോഷിച്ച് ശുഭ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

മകളുടെ രണ്ടാം പിറന്നാൾ ക്വാറന്റൈനിൽ ആഘോഷിച്ച് ശുഭ

 


 

ആറ്റിങ്ങൽ: നഗരസഭയുടെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ശുഭയാണ് ഇന്ന് രണ്ട് വയസ് തികയുന്ന മകൾ അനാമികയുടെ ജൻമദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.

     ശുഭ കല്യാൺ സിൽക്സിലെ ജീവനക്കാരിയാണ്. മൂന്ന്  വർഷമായി ഇവർ ഇവിടെ ജോലി ചെയ്യുന്നു. പ്രവാസിയായ ഭർത്താവ് രാജു അബുദാബിയിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ്. അനാമിക അഞ്ച് വയസുകാരനായ സഹോദരൻ ആരോമലിനൊടും അമ്മയോടും ഒപ്പം ജൻമദിനം ആഘോഷിക്കാൻ കാത്തിരുന്നപ്പോഴാണ് ഈ കഴിഞ്ഞ പത്താം തീയതി വില്ലനായ കൊറോണ ശുഭയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഇല്ലാത്തതിനാൽ ചെയർമാന്റെ നിർദ്ദേശ പ്രകാരം നഗരസഭയുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു ശുഭയും കൂട്ടുകാരും. ഇവരുടെ ആറാം നിരീക്ഷണ ദിനമായ ഇന്നലെ ചെയർമാൻ എം.പ്രദീപ് ക്വാറന്റൈൻ കേന്ദ്രം സന്ദർശിക്കുകയും, തുടർന്ന് ദുഖിതയായി നിൽക്കുന്ന ശുഭയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. അപ്പോഴാണ് നഷ്ട്ടപ്പെട്ടു പോകാവുന്ന തന്റെ ജീവിതത്തിലെ നല്ലൊരു നാളെയെ കുറിച്ച് ശുഭ വിതുമ്പലോടെ തുറന്ന് പറഞ്ഞത്. വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാമെന്ന് ഒരു വാക്ക് പറഞ്ഞ് ക്വാറന്റൈൻ കേന്ദ്രത്തിന്റെ കവാടം കടന്നുപോയ ചെയർമാനും, തന്റെ വിധിയെ പഴിച്ച് നിറകണ്ണുകളുമായി മുറിയിലേക്ക് മടങ്ങിയ ശുഭയും അൽപ നിമിഷത്തേക്കെങ്കിലും ആ നിരീക്ഷണ കേന്ദ്രത്തെ ഒന്നടങ്കം മൗനത്തിലാക്കി. 

    പക്ഷേ വിധി മറ്റൊന്നായിരുന്നു. സെപ്റ്റംബർ 17 ന്  വൈകുന്നേരം 5 മണിക്ക് നഷ്ട്ടപ്പെട്ടു പോയി എന്നു കരുതിയ തന്റെ കുരുന്നിന്റെ ജൻമദിനം ആഘോഷിക്കാൻ കേക്കുമായി എത്തിയ ചെയർമാനെയാണ് ശുഭ കണ്ടത്. തുടർന്ന് സഹപ്രവർത്തകരോടും ചെയർമാൻ എം.പ്രദീപിനോടും ഒപ്പം തന്റെ രണ്ട് വയസ്കാരി മകളുടെ ജൻമദിനം കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും, ചെയർമാന്റെയും സഹപ്രവർത്തകരുടെയും നിർബന്ധത്തിന് വഴങ്ങി  ഗായികയായ ശുഭ രണ്ട് സിനിമാ ഗാനങ്ങൾ ആലപിച്ചതും ക്വാറന്റൈൻ കേന്ദ്രത്തെ ആനന്ദത്തിലാഴ്ത്തി.

     ജീവിതത്തിന്റെ ഏടുകളിൽ തീരാനഷ്ട്ടത്തിന്റെ കണക്കിൽ എഴുതി ചേർക്കപ്പെടേണ്ട ഒരു ദിനമാണ് അപ്രതീക്ഷിതമായി ചെയർമാൻ തിരികെ നൽകിയതെന്ന് ശുഭ പറഞ്ഞു. കുശല സംഭാഷണത്തിന് ശേഷം വഞ്ചിയൂർ വടക്കതിൽ വീട്ടിൽ അപ്പൂപ്പനോടും, അമ്മൂമ്മയോടും, ജ്യേഷ്ടനോടും കൂടി തെല്ല് പരിഭവത്തോടെ ആണെങ്കിലും പിറന്നാൾ ദിനം ആഘോഷിച്ച അനാമികയെയും ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ അറിയിച്ച ശേഷമാണ് ചെയർമാൻ പടിയിറങ്ങിയത്.

Post Top Ad