സര്‍ക്കാര്‍ വിരുദ്ധ പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : സിപിഐ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

സര്‍ക്കാര്‍ വിരുദ്ധ പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : സിപിഐ


സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സാമൂഹ്യക്ഷേമം, ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളെ ശക്തിപ്പെടുത്താനും പുതിയ മാറ്റങ്ങളെ കൊണ്ടുവരാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞതായി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 


  ഒരു മഹാമാരിയുടെ പിടിയിലമര്‍ന്ന് നില്‍ക്കുകയാണ് നമ്മുടെ സംസ്ഥാനമെന്നും, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രോഗ വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാരും ജനങ്ങളുമൊന്നിച്ചു നിന്ന് അതിന് പ്രതിവിധിയും പ്രതിരോധവും തീര്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടാവേണ്ടതെന്നും എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. 


ജനങ്ങളുടെ മനസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള പ്രതിച്ഛായ തച്ചുതകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്തുക്കേസില്‍ പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെതിരെ ഉപയോഗിക്കാനാണ് യുഡിഎഫ്-ബിജെപി ശ്രമം. സ്വര്‍ണ്ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങി നടക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി സംസ്ഥാന ഗവണ്‍മെന്റിന് ഒരു ബന്ധവുമില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറുമാസത്തിനുള്ളില്‍ ഇരുപത് തവണ സ്വര്‍ണ്ണം വന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസാണ് അത് കണ്ടെത്തേണ്ടത്. സംസ്ഥാന സര്‍ക്കാരല്ല. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവരെ ആരെയും ചോദ്യം ചെയ്യുന്നില്ല. യുഎഇയില്‍പോയി വിമാനക്കൂലി കളഞ്ഞതല്ലാതെ ഒരു പ്രതിയെപ്പോലും കണ്ടെത്താനോ അറസ്റ്റുചെയ്യാനോ, ചോദ്യം ചെയ്യാനോ എന്‍ഐഎയ്ക്ക് കഴിഞ്ഞില്ല. അവരാണ് സെക്രട്ടേറിയറ്റിന് മുകളില്‍ക്കൂടി കാക്ക പറന്നെന്നു പറഞ്ഞ് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെയെല്ലാം രാഷ്ട്രീയ എതിരാളികളെ പ്രതിക്കൂട്ടിലാക്കാന്‍ ഉപയോഗിച്ച ചരിത്രമാണ് മോഡി സര്‍ക്കാരിനുള്ളത്. ഏറ്റവും ഒടുവില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിക്കുന്നതും നാം കണ്ടു. സിബിഐ രാജസ്ഥാനിലേക്ക് വരേണ്ടെന്ന് പറഞ്ഞത് അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്. എന്നാല്‍ ഏത് കേന്ദ്ര ഏജന്‍സിയും അന്വേഷിക്കട്ടേയെന്നുപറഞ്ഞ ഗവണ്‍മെന്റാണ് കേരളത്തിലേത്. 


കോവിഡ് മാനദണ്ഢങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം തെരുവില്‍ അക്രമസമരങ്ങളുമായി ഇറങ്ങിയത്. സമരം നിയന്ത്രിക്കുന്ന പൊലീസുകാര്‍ക്കുവരെ അവര്‍ കോവിഡ് പകര്‍ന്നുനല്‍കി. 

പാര്‍ലമെന്ററി ജനാധിപത്യം ഇല്ലാതാക്കി സ്വേഛാദിപത്യം നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നു. ബിജെപി നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഐക്യമുണ്ടാകുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഇടതുപാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കുകയാണോ വേണ്ടതെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം. പുരോഗമനപരമായി ചന്തിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍, അതിനെതിരായ പ്രക്ഷോഭത്തില്‍ സിപിഐ മുന്നില്‍തന്നെയുണ്ടാവും. 


പത്രവാര്‍ത്തകളിലൂടെ ഗവണ്‍മെന്റിന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ല. ഒരു മന്ത്രി എന്‍ഐഎ ചോദ്യംചെയ്യലിന് ഒളിച്ചുപോയത് ശരിയായില്ലായെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. ഇതെല്ലാം ഓരോ വ്യക്തികള്‍ തീരുമാനിക്കേണ്ട കാര്യമാണ്. 

ജോസ് കെ മാണിയുടെ പാര്‍ട്ടി ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നായിരുന്നു കാനത്തിന്റെ മറുപടി. അതിനുശേഷം ഇടതുമുന്നണി ഇക്കാര്യം ചര്‍ച്ചചെയ്യും. ഐഎന്‍എല്‍ അടക്കം പല കക്ഷികളും വര്‍ഷങ്ങളോളം മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചശേഷമാണ് എല്‍ഡിഎഫ് ഘടകകക്ഷിയായത്. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിനോടൊപ്പം സഹകരിക്കാന്‍ തയ്യാറായി വരുമ്പോള്‍ മുന്നണി അക്കാര്യം ആലോചിക്കും. അന്യന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശുവിനെ വളര്‍ത്തുന്നവരല്ല എല്‍ഡിഎഫെന്നും കാനം പറഞ്ഞു. 

ജനങ്ങളുടെ പിന്തുണയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഉറച്ച വിശ്വാസമുണ്ട്. ഇടത് നയവ്യതിയാനം എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടാവുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ സിപിഐക്ക് ഒരു മടിയുമില്ല. എന്‍ഐഎ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹം ഭരണഘടനയില്‍ത്തൊട്ട് സത്യം ചെയ്ത് മുഖ്യമന്ത്രി ആയ ആളാണെന്നും കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും കാനം മറുപടി നല്‍കി. 


Post Top Ad