സി.ഇ.റ്റി ജീവനക്കാര്‍ക്കായി പുത്തന്‍ പാര്‍പ്പിട സമുച്ചയം - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

സി.ഇ.റ്റി ജീവനക്കാര്‍ക്കായി പുത്തന്‍ പാര്‍പ്പിട സമുച്ചയം

 


കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിലെ ജീവനക്കാര്‍ക്കായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ മാറ്റങ്ങളാണ് കൊണ്ടു വന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനുദാഹരണമാണ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ബ്ലോക്ക്, ജിയോ ടെക്‌നിക്കല്‍ ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ കോളേജില്‍ പുരോഗമിക്കുന്നുണ്ട്.

കലാലയത്തിലെ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണം. അഞ്ച് കോടി രൂപയാണ് നിര്‍മാണചെലവ്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്നു നിലകളുള്ള മൂന്നു ബ്ലോക്കുകളായാണ് കെട്ടിട്ടം നിര്‍മിച്ചിരിക്കുന്നത്. ഓരോ ബ്ലോക്കിലും ആറു കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന വിധത്തിലുള്ള ആറ് അപ്പാര്‍ട്‌മെന്റുകളാണ് ഉള്ളത്. ഓരോ അപ്പാര്‍ട്‌മെന്റിലും മൂന്നു കിടപ്പു മുറികള്‍, രണ്ട് ശുചിമുറികള്‍, ഡ്രോയിങ് കം ഡൈനിംഗ്, അടുക്കള, വര്‍ക്ക് ഏരിയ തുടങ്ങിയവയാണ് സജീകരിച്ചിരിക്കുന്നത്. കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

67 കോടി രൂപയുടെ പദ്ധതികളാണ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്നു വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതില്‍ മിക്കവയുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മാണം അധികം വൈകാതെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍, സാങ്കേതിക സര്‍വകലാശാല ഡയറക്ടര്‍ ബൈജു ബായ് ടി പി, കോളേജ് പ്രിന്‍സിപ്പല്‍ ജിജി സി വി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, കോളേജിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post Top Ad