ശക്തമായ മഴയിൽ ഭാഗീകമായി തകർന്ന് വീണ വീട് സന്ദർശിച്ച് അടിയന്തിര സഹായം ഉറപ്പ് വരുത്തി നഗരസഭാ ചെയർമാൻ - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

ശക്തമായ മഴയിൽ ഭാഗീകമായി തകർന്ന് വീണ വീട് സന്ദർശിച്ച് അടിയന്തിര സഹായം ഉറപ്പ് വരുത്തി നഗരസഭാ ചെയർമാൻ
ആറ്റിങ്ങൽ: നഗരസഭ 25-ാം വാർഡ് എ.സി.എ.സി നഗറിൽ 56 കാരനായ ശശിധരന്റെ പണ്ടാരവിള വീടാണ് ഭാഗീകമായി തകർന്നത്. ഇന്ന് രാത്രി 7 മണിയോടെ വീടിന്റെ പിൻവശത്തെ ചുമർ തകർന്ന് വീഴുകയായിരുന്നു. വീട്ടുകാർ പുറത്തായിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. വാർഡ് കൗൺസിലർ എസ്.ഷീജ, വാർഡ് കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സുഖിൽ തുടങ്ങിയവർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് സ്ഥലത്തെത്തി അടിയന്തിര സഹായം ഉറപ്പ് വരുത്തുകയുമായിരുന്നു.


     ശശിധരനും, സഹോദരിയും ഭർത്താവുമാണ് ഇവിടെ നിലവിൽ താമസിക്കുന്നത്. മൺ കട്ടകൾ കൊണ്ട് കെട്ടിയ വീടിന് 40 വർഷത്തിലധികം പഴക്കമുണ്ട്. വീട്ടിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയ വാർഡ് കൗൺസിലർ നഗരസഭയുടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് പുതിയ വീട് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ വസ്തുവിന്റെ ഉടമ രാധ ഇവരുടെ 6 മക്കളുടെ പേരിൽ തുല്യ അവകാശം നൽകി പ്രമാണം കരാറാക്കിയിരുന്നതാണ് ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഇവരെ ഉൾപ്പെടുത്താൻ കഴിയാത്തത്. രണ്ട് വർഷം മുമ്പ് ഗൃഹനാഥയായ രാധ മരണപ്പെട്ടിരുന്നു. അതോടെ അർഹതാ പട്ടികയിൽ ഇടം നേടാതെ രണ്ട് സെന്റിൽ നിലകൊള്ളുന്ന ഈ വീട് കൂടുതൽ ജീർണതിയിലേക്ക് കൂപ്പ് കുത്തി.


    രണ്ടാഴ്ചയിലേറെയായി പെയ്യുന്ന ശക്തമായ മഴയിൽ ചുമരുകൾ നനയുകയും തുടർന്ന് ഇന്ന് രാത്രിയോടെ വീട് ഭാഗീകമായി തകർന്ന് വീഴുകയുമായിരുന്നു. നഗരസഭാ ചെയർമാൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടാൻ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. കൂടാതെ വീട്ടിലെ കേടുപാടുകൾ തീർത്ത് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രദേശിക നേതാക്കളോട് ചെയർമാൻ എം.പ്രദീപ് നിർദ്ദേശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad