കോവിഡ് വിവരമറിയാതെ മൃതദേഹം സംസ്കരിച്ചു: പ്രദേശം കണ്ടെയ്ൻമെന്റ് സോണിലാകാനുള്ള സാധ്യത - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കോവിഡ് വിവരമറിയാതെ മൃതദേഹം സംസ്കരിച്ചു: പ്രദേശം കണ്ടെയ്ൻമെന്റ് സോണിലാകാനുള്ള സാധ്യത

 വർക്കല: വിവിധ അസുഖങ്ങളെ തുടർന്നു യുവാവ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടും ഇക്കാര്യം അറിയിക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിനെ തുടർന്നു കബറടക്കം ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത നൂറിലധികം പേരെ നിരീക്ഷണത്തിലാക്കി.യുവാവിന് കോവിഡ് ബാധ സ്ഥിരീകരിച്ച റിപ്പോർട്ട് ഇന്നലെ രാവിലെ മാത്രമാണ് പ്രാദേശിക തലത്തിൽ ബന്ധപ്പെട്ടവർ അറിയുന്നത്. ചെമ്മരുതി പഞ്ചായത്തിലെ മുട്ടപ്പലം സജീർ മൻസിലിൽ ഷഫീഖ്(33) ആണ് അസുഖത്തെ തുടർന്നു മരിച്ചത്. കഴിഞ്ഞ മാസം 20ന് നാട്ടിലെത്തിയ ഷഫീഖ് ചെമ്മരുതിയിലെ കോവിഡ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.എന്നാൽ അടുത്ത ദിവസം കഠിനമായ വയറുവേദന കാരണം പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി രക്തസമ്മർദ വൃക്ക സംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിൽ തുടരുകയായിരുന്നു. ഇതിനിടയിൽ രണ്ടു കോവിഡ് പരിശോധന ഫലവും നെഗറ്റീവായിരുന്നു.

എന്നാൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അസുഖം മൂർഛിച്ചതോടെ ഷഫീക്ക് മരിച്ചു. അന്നു തന്നെ മെഡിക്കൽ കോളജ് അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു. തുടർന്നു നടയറ പള്ളിയിൽ കബറടക്കി. എന്നാൽ തിങ്കളാഴ്ച രാവിലെയാണ് മരിച്ചയാൾക്ക് കോവിഡ് ബാധിച്ചെന്നു വിവരം പുറത്തു വന്നത്. മൃതദേഹം വിട്ടു നൽകും മുൻപേ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ ഫലം നെഗറ്റീവായതിനാലാണ് വിട്ടു നൽകിയതെന്നും വിശദീകരണമുണ്ട്. ‘ഹൈ റിസ്ക്’ വിഭാഗത്തിൽ 40 പേരെങ്കിലും വരുമെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന സൂചന. ക്വാറന്റീൻ നിർദേശിച്ച ബാക്കിയുള്ളവരുടെ ലിസ്റ്റ് കൂടി തയാറാക്കുമ്പോൾ പ്രദേശം കണ്ടെയ്ൻമെന്റ് സോണിലാകാനുള്ള സാധ്യതയും ഏറെയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad