അടിയന്തര സഹായത്തിന്റെ കരുതലുമായി ചെയർമാനും നഗരസഭ ആരോഗ്യ വിഭാഗവും രോഗം സ്ഥിതീകരിച്ചവരുടെ വീടുകളിലും - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 30, ബുധനാഴ്‌ച

അടിയന്തര സഹായത്തിന്റെ കരുതലുമായി ചെയർമാനും നഗരസഭ ആരോഗ്യ വിഭാഗവും രോഗം സ്ഥിതീകരിച്ചവരുടെ വീടുകളിലും

 


അറ്റിങ്ങൽ: നഗരസഭയിൽ വിവിധ വാർഡുകളിലായി കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിതീകരിച്ചവരുടെ വീടുകളാണ് ചെയർമാൻ എം.പ്രദീപും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സന്ദർശിച്ചത്.


      ഇരുപതിലധികം വീടുകളാണ് ഇവർ സന്ദർശിച്ചത്. അടുത്ത ദിവസങ്ങളിലായി രോഗം സ്ഥിതീകരിച്ചവരിൽ ഭൂരിഭാഗവും സ്വന്തം വീടുകളിൽ റൂം ക്വാറന്റൈനിൽ ആണ് കഴിയുന്നത്. ഇതിൽ കുട്ടികൾ, വയോധികർ, മറ്റ് രോഗങ്ങൾ ബാധിച്ചവർ എന്നിങ്ങനെയാണ്. ഗർഭിണികളെയും, ഗുരുതര ഇതര രോഗ ബാധിതരെയും ചികിൽസാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നഗരത്തിൽ വലിയൊരളവ് വീടുകളിലും രോഗബാധിതർക്ക് റൂം ക്വാറന്റൈൻ സംവിധാനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നത് ആറ്റിങ്ങൽ പട്ടണത്തിൽ രോഗം ബാധിച്ചവർക്ക് ഏറെ ആശ്വാസകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റ് സമീപ പഞ്ചായത്തുകളിൽ നിന്നും കൊവിഡ് ചികിൽസാ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുന്ന രോഗികൾക്ക് മാനസികമായ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീടുകളിൽ നിരീക്ഷണ സംവിധാനം ഉള്ള രോഗികളെ റൂം ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്നത്.


   കൂടാതെ വാർഡുകളിലെ ആരോഗ്യ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നേരിട്ട് ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. വൈറസ് ബാധിതരായതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അതിനാൽ രോഗികളായവരെ ചികിൽസാ നിരീക്ഷണ കാലയളവ് കഴിയും വരെ കൈയ്യൊഴിയുക എന്ന സമീപനത്തിന് പകരം നിരന്തര സന്ദർശനം എന്ന ആശയമാണ് നഗരസഭ നടപ്പിലാക്കുന്നതെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ഇവരിൽ പലർക്കും ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പടെ ആവശ്യ സാധനങ്ങൾ വാങ്ങാൻ നിവൃത്തിയുണ്ടാവില്ല. നഗരസഭ നടപ്പിലാക്കുന്ന നിരന്തര സന്ദർശനത്തിലൂടെ ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാനാവും. കൂടാതെ ഒറ്റപ്പെട്ടു പോയി എന്നു കരുതുന്ന രോഗികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും നാട്ടുകാർക്ക് ബോധവൽക്കരണം നടത്താനും ഇതിലൂടെ പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമാക്കാനും കഴിയും. 


      രോഗം സ്ഥിതീകരിച്ചവരിൽ ഒരു വീട്ടിൽ ഒന്നിലധികം രോഗികൾ ഉള്ളതും, മറ്റ് അംഗങ്ങൾക്ക് സമ്പർക്ക വ്യാപന സാധ്യത ഉള്ളതിനാലും ഇവരുടെ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കുന്നതിന് ഈ പ്രദേശങ്ങളിലെ ഡി.വൈ.എഫ്.ഐ വോളന്റിയർമാർക്ക് ചുമതല നൽകി. കൂടാതെ ആരോഗ്യ പരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വലിയകുന്ന് താലൂക്കാശുപത്രിയിലെ ടെലി മെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തണം എന്നും ചെയർമാൻ പറഞ്ഞു.

നഗരസഭ ജെ.എച്ച്.ഐ മാരായ എ.എൽ.ഹാസ്മി, ഷെൻസി, കൗൺസിലർ ശ്യാമളയമ്മ, ജെ.പി.എച്ച്.എൻ ശ്രീജകുമാരി, ആശാവർക്കർമാരായ തങ്കമണി, നിത്യ, സിന്ദു, വോളന്റിയർമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad