നഗരസഭയുടെ പത്താം പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ട് നഗരസഭാ ചെയർമാൻ നിർവ്വഹിച്ചു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

നഗരസഭയുടെ പത്താം പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ട് നഗരസഭാ ചെയർമാൻ നിർവ്വഹിച്ചു
ആറ്റിങ്ങൽ: നഗരസഭയും ഹരിതകേരള മിഷനും സംയുക്തമായി പട്ടണത്തിൽ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ പത്താം ഘട്ടം നിറവ് എന്ന പേരിൽ ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നഗരസഭാ ചെയർമാൻ എം.പ്രദീപ് ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.


    സ്കൂൾ പരിസരത്ത് തരിശ് കിടന്ന 7 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. പേര, പപ്പായ, കറിവേപ്പില, നെല്ലി, കുരുമുളക്, പ്ലാവ്, മാവ്, നാരകം, പുളി, മാദളം, ലക്ഷ്മിതരൂർ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വച്ച് പിടിപ്പിച്ചത്. ഇതുവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 2 ഏക്കറോളം വരുന്ന തരിശ് ഭൂമിയിലാണ് പദ്ധതികൾ നടപ്പിലാക്കിയത്. 


    മാമം ദേശീയ പാതയുടെ ഇരുവശമുള്ള പുറമ്പോക്ക് ഭൂമി, ഗവ. ഐ.റ്റി.ഐ, ഗവ.എഞ്ചിനീയറിംഗ് കോളേജ്, ഗവ.കോളേജ്, നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റ്, നാളികേര കോപ്ലക്സ്‌, എൽ.എം.എസ് എൽ.പി സ്കൂൾ, പരവൂർകോണം എൽ.പി സ്കൂൾ, അവനവഞ്ചേരി ഗ്രാമത്തിലെ പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിലായാണ് ഇതിന് മുമ്പ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ വർഷം പരവൂർകോണം സ്കൂളിലെ തരിശ് ഭൂമിയിൽ എസ്.പി.സി കേഡറ്റുകളെയും വിദ്യാർത്ഥികളെയും കൂടി പങ്കെടുപ്പിച്ച് കൊണ്ട് സീഡ് ബോംബ് എന്ന നൂതന ആശയം നഗരസഭ നടപ്പിലാക്കിയിരുന്നു. കൂടാതെ അവനവഞ്ചേരി ഗ്രാമം പറമ്പോക്ക് ഭൂമിയിൽ 2 സെന്റിൽ നിർമ്മിച്ച ദേവദാരു തോട്ടവും, ഗവ.കോളേജ് പരിസരങ്ങളിൽ വച്ച് പിടിപ്പിച്ച തണൽവൃക്ഷ തൈകളും എല്ലാം നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്തു വിജയിപ്പിച്ച പ്രവർത്തനങ്ങളാണ്.


     നഗരത്തിൽ പതിറ്റാണ്ടുകളായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നമുക്ക് തണലേകി കാലാവസ്ഥക്ക് താങ്ങായി നിലനിന്നിരുന്ന നിരവധി വൃക്ഷങ്ങൾ നശിപ്പിക്കപ്പെട്ടു. കൃഷിയിടങ്ങൾ അപ്രത്യക്ഷമായി. നഷ്ട്ടപ്പെട്ടു പോയ പട്ടണത്തിന്റെ ഹരിതാഭയും കാർഷിക സമ്പ്രദായവുമാണ് ഇത്തരം പദ്ധതികളിലൂടെ നഗരസഭ തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ ജി.രജിത്, മുൻ ഹെഡ്മാസ്റ്റർ മുരളീധരൻ, പി.ടി.എ പ്രസിഡന്റ് ബിജുകുമാർ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന, അയ്യങ്കാളി തൊഴിലാപ്പ് ഓവർസിയർമാരായ സ്മിത, ചിന്നു, ടീച്ചർമാരായ ഹസീന, അഞ്ചന, സഫീർ, രാജേഷ് കുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad