സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 29, ചൊവ്വാഴ്ച

സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ഉദ്ഘാടനം ചെയ്തു

 


ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ബ്‌ളോക്കുകളിൽ പരമാവാധി  സംരംഭങ്ങൾ തുടങ്ങും. കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭകർക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയബാധിതമായ 14 ബ്‌ളോക്കുകളിൽ കാർഷികേതര മേഖലയിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിനുള്ള മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്‌ളോക്ക്തല സമിതികൾ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. പരമാവധി രണ്ടരലക്ഷം രൂപ വായ്പ നൽകുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 10000 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയിൽ 2550 സംരംഭങ്ങൾക്ക് അംഗീകാരം ലഭ്യമാക്കി. 201620 ൽ ഈ മേഖലയിൽ 5231 കോടി രൂപയുടെ മൊത്തനിക്ഷേപം ഉണ്ടായി. 1,54,341 പേർക്ക് തൊഴിൽ ലഭ്യമാക്കാനായി.

പ്രതിവർഷം 1000 പുതിയ സംരംഭങ്ങൾ എന്ന നിലയിൽ അഞ്ചു വർഷം കൊണ്ട് 5000 പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതാണ് കെ. എഫ്. സിയുടെ വായ്പാ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പദ്ധതിക്കും 90 ശതമാനം വരെ വായ്പ കെ. എഫ്. സി നൽകും. മൂന്ന് ശതമാനം സർക്കാർ സബ്‌സിഡിയോടെയാണ് വായ്പ നൽകുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്കയുമായി സഹകരിച്ച് മൂന്ന് ശതമാനം അധിക സബ്‌സിഡി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. 355 സംരംഭകർക്കാണ് തുടക്കത്തിൽ വായ്പ അനുമതി പത്രം നൽകുന്നത്. 1300 അപേക്ഷയിൽ നിന്ന് യോഗ്യരെ കണ്ടെത്തി പരിശീലനവും മാർഗനിർദ്ദേശവും നൽകിയാണ് വായ്പ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു.


Post Top Ad