പെരുങ്ങുഴി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുന്നു - EC Online TV

Breaking

Post Top Ad


2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പെരുങ്ങുഴി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുന്നു

 


ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുന്നു. മറ്റ് പല സ്റ്റേഷനുകളും വികസനത്തിലേക്ക് നീങ്ങുമ്പോൾ അടിസ്ഥാന വികസനം പോലും അന്യമാവുകയാണ് ഇവിടെ. നിരവധി യാത്രക്കാരുടെ ആശ്രയ കേന്ദ്രമായ ഇവിടെ എത്തുന്നവർക്ക് മതിയായ ഇരിപ്പിടമോ തണലേകാൻ പാകത്തിൽ മേൽക്കൂരകളോ ഇവിടെയില്ല. ഉള്ളവയാകട്ടെ കഷ്ടിച്ച് വിരലിലെണ്ണാവുന്നവർക്ക് മാത്രം കയറി നിൽക്കുവാൻ പാകത്തിലുള്ളതാണ്. മീറ്റർ ഗേജ് ആയിരുന്നപ്പോഴുള്ള പ്ലാറ്റ് ഫോമുകളാണ് ഇപ്പോഴുമുള്ളത്. പ്ലാറ്റ്ഫോമിന്റെ പൊക്കക്കുറവ് യാത്രക്കാർക്ക് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല. പോരാത്തതിന് ഒന്നാം പ്ലാറ്റ് ഫോമിന്റെ നീളക്കുറവും കൂടിയാകുമ്പോൾ യാത്രക്കാരുടെ ദുരിതം ഇരട്ടിയാവുകയാണ്. ട്രെയിൻ നിർത്തിയാൽ കയറണമെങ്കിൽ യാത്രക്കാർ അഭ്യാസം കൂടി അറിഞ്ഞിരിക്കണം. ട്രെയിനുകളുടെ ബോഗികൾ പലപ്പോഴും പ്ലാറ്റ്ഫോമിന് വെളിയിലാണ് കിടക്കുക. ഇറങ്ങണമെങ്കിൽ ബോഗി ബോർഡിൽ നിന്ന് ഒന്നര മീറ്റർ താഴേക്ക് ചാടണം. യാത്രക്കാർക്ക് ഇരു പ്ലാറ്റ്ഫോമിലേക്കും പോകാൻ പാകത്തിൽ ഫുട് ഓവർ ബ്രി‌ഡ്ജ് വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. പ്ലാറ്റ് ഫോമിനും റെയിൽവേ ഗേറ്റിനുമിടയിൽ യാത്രക്കാർക്ക് സുഗമമായി കടന്നുപോകാൻ പാത ഒരുക്കണമെന്ന കാര്യവും അധികൃതരുടെ കനിവിനായി കാക്കുകയാണ്. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്ത ഏക റെയിൽവേ ഗേറ്റാണ് പെരുങ്ങുഴി. ഫലമോ ഇവിടം കടക്കാൻ എത്തുന്ന വാഹനയാത്രക്കാർക്ക് കൊവിഡിന് മുമ്പ് വരെ അരമണിക്കൂറിലേറെ കാത്തുകിടക്കേണ്ടി വരും. റെയിൽവേ കടന്ന് ഓട്ടം വിളിച്ചാൽ പോലും ഓട്ടോറിക്ഷ വരാതായി. അത്യാവശ്യ ഘട്ടത്തിൽ ആശുപത്രി കേസുകളുമായി ബന്ധപ്പെട്ട് എത്തുന്ന രോഗികൾ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെല്ലാ പരിഹാരമായി പാസഞ്ചർ ഒഴികെ ഏതെങ്കിലും ഒരു ട്രയിനിന് പെരുങ്ങുഴിയിൽ സ്റ്റോപ്പ് വേണമെന്ന നാട്ടുകാരുടെ ആവശ്യവും അവഗണനയുടെ പാതയിലാണ്. യാത്രക്കാരുടെ ദുരിതങ്ങൾ മനസിലാക്കി വികസനത്തിൽ പിന്നോട്ട് നിൽക്കുന്ന ഈ സ്റ്റേഷനിൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post Top Ad