കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും ആശുപത്രി വിട്ടു. രണ്ടുപേരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ആശുപത്രി വിട്ടത്. ഇനി ഏഴുദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം 11നാണ് മന്ത്രി ഇ പി ജയരാജനെയും ഭാര്യ ഇന്ദിരയെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായ കോവിഡ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തിയത്
ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിന് മുൻപ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി ഇ പി ജയരാജൻ നന്ദി അറിയിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്കും പരിശോധനാഫലം നെഗറ്റീവായി ആശുപത്രി വിട്ടിരുന്നു. വീട്ടിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.