കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാത്ത കുട്ടികൾക്കായി എം എൽ എ ആസ്തി വികസന ഫണ്ട് , കെ എസ് എഫ് ഇ, പഞ്ചായത്ത് തനത് ഫണ്ട് എന്നിവ ചെലവഴിച്ചു ഒരുക്കിയ 32 ഓൺലൈൻ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം കാട്ടുമുറക്കൽ അംഗനവാടിയിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി എം എൽ എ നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 32 ഓൺലൈൻ പഠന കേന്ദ്രങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത് . പഞ്ചായത്തിലെ 29 അങ്കണവാടികൾ, രണ്ട് ഗ്രന്ഥശാല, ഒരു ഗ്രാമ കേന്ദ്രം എന്നിവിടങ്ങളിലാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഉദ്ഘാടനം ചെയ്ത 32 പഠന കേന്ദ്രങ്ങൾ കൂടാതെ പൊതുപ്രവർത്തകർ സംഭാവന നൽകിയ ടി വി ഉപയോഗിച്ച് മാമം റെസിഡൻസ് അസോസിയേഷനിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പഠന കേന്ദ്രം ബി ആർ സിയിൽ നിന്നും ലഭിച്ച ടി വി ഉപയോഗിച്ച് പുരവൂർ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പഠന കേന്ദ്രവും ഉൾപ്പടെ 34 ഓൺലൈൻ പഠന കേന്ദ്രങ്ങളാണ് കിഴുവിലം പഞ്ചായത്തിൽ നിലവിലുള്ളത്.
കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. എസ് ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ കിഴുവിലം പഞ്ചായത്ത് സെക്രട്ടറി മിനി ഡി എസ്, ഐ സി ഡി സി സൂപ്പർവൈസർ തുടങ്ങിയവർ പങ്കെടുത്തു.