ഒരാഴ്ചക്കുള്ളിൽ 3 പുരസ്കാരങ്ങൾ സ്വന്തമാക്കി ആറ്റിങ്ങൽ നഗരസഭ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ഒരാഴ്ചക്കുള്ളിൽ 3 പുരസ്കാരങ്ങൾ സ്വന്തമാക്കി ആറ്റിങ്ങൽ നഗരസഭ


 പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഹരിതകേരള മിഷൻ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ 1261 പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ ഓൺലൈൻ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു.


   


പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യത്തിൽ പത്ത് പച്ചത്തുരുത്തുകളാണ് ആറ്റിങ്ങൽ നഗരസഭ വിജയകരമായി നടപ്പിലാക്കിയത്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂന്തോട്ടങ്ങളും തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ഉൾപ്പെടുത്തി 2 ഏക്കറിൽ അധികം ഭൂമിയിലാണ് പച്ചത്തുരുത്തുകൾ നിർമ്മിച്ചത്. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ, എസ്.പി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളന്റിയർമാർ എന്നിവരെ ഉൾപ്പെടുത്തി സീഡ് ബോംബ് എന്ന ന്യൂതന ആശയവും സംസ്ഥാനത്ത് ആദ്യമായി ആറ്റിങ്ങൽ നഗരസഭ നടപ്പിലാക്കി. കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്ന 50 ഏക്കറോളം ഭൂമിയും പാടങ്ങളും കാർഷിക യോഗ്യമാക്കി. ഒരാഴ്ച കാലയളവിൽ നഗരസഭക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാരമാണിത്. പച്ചത്തുരുത്ത് പദ്ധതി പൂർത്തീകരണത്തിന് സർക്കാരും, മിഷനും നൽകിയ പ്രശസ്തി പത്രം നഗരസഭാ കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ എം.പ്രദീപ് സെക്രട്ടറി എസ്.വിശ്വനാഥന് കൈമാറി. കൗൺസിലർമാരായ ജി.തുളസീധരൻ പിള്ള, സി.ആർ.ഗായത്രി ദേവി, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന തുടങ്ങിയവർ പങ്കെടുത്തു.


   


നഗരത്തിലെ പൊതു സ്ഥലങ്ങൾ, പുറമ്പോക്ക് ഭൂമി, പൊതു വിദ്യാലയങ്ങൾ ഉൾപ്പടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും നഗരസഭ ഉറപ്പുവരുത്തിയിട്ടുണ്ട്. 

സംസ്ഥാന ഐ.ടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകളുടെ എണ്ണം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

Post Top Ad