ആറ്റിങ്ങൽ നഗരൂരിൽ നിന്നും പിടിച്ച ലഹരി മരുന്നുകൾ കേരളത്തിലേക്കെത്തിച്ചത് തൃശൂർ സ്വദേശി ഷിഹാബുദ്ദീൻ ആണെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നഗരൂർ ലഹരി മരുന്ന് കടത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി ഷിഹാബുദ്ദീനായി അന്വേഷണം ഊർജിതമാക്കി. നാല് കോടി രൂപ വില വരുന്ന നൂറു കിലോ കഞ്ചാവും, ഹാഷിഷ് ഓയിലുമായിരുന്നു നഗരൂരിൽ നിന്ന് പിടിച്ചെടുത്തത്.
നഗരൂരിൽ നിന്ന് ലഹരിമരുന്ന് എക്സൈസ് സംഘം പിടിച്ചെടുത്തതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി വില വരുന്ന കഞ്ചാവ് പിടികൂടിയത് . രണ്ടു വാഹനങ്ങളിലായി ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് നാലു പേരടങ്ങുന്ന സംഘം എക്സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തുടർച്ചയായി വൻതോതിലുള്ള ലഹരിമരുന്നുകൾ പിടിച്ച സാഹചര്യത്തിൽ, തെക്കൻ കേരളത്തിലേക്ക് വലിയ രീതിയിൽ ലഹരിമരുന്നുകളെത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.