തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുളള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്മെൻറ് വകുപ്പ്, കുടുംബശ്രീ, എന്നിവയുടെ സഹകരണത്തോടെ ദൈനംദിന ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് തൊഴിൽ വൈദഗ്ദ്യമുളളവരുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുവാൻ ഉതകുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ "സ്കിൽ രജിസ്ട്രി" എന്ന പേരിൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
വിദഗ്ധ തൊഴിലാളികളുടെ സ്കിൽ രജിസ്ട്രി രൂപീകരണത്തിലൂടെ പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ, കാർപെന്റർ എന്നിങ്ങനെ 42 സേവന മേഖലകളിലായി വിദഗ്ധരുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഒരു വിരൽ തുമ്പിൽ ലഭ്യമാകുന്നതാണ്. കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്കും ലോക്ക് ഡൗണിൽ തൊഴിലില്ലാതെ വലഞ്ഞു പോയ ദൈനംദിന ഗാർഹിക, വ്യാവസായിക തൊഴിലാളികൾക്കും തൊഴിലാളികളെ തേടുന്ന ഗാർഹിക ഉപഭോക്താക്കള്‍ക്കും "സ്കിൽ രജിസ്ട്രി" യുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. പൊതു ജനങ്ങൾ ഈ അവസരം പരമാവധി വിനിയോഗിക്കണം എന്ന് കളക്ടർ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് തൊഴിൽ വൈദഗ്ധ്യമുള്ളർക്ക് സർവീസ് പ്രൊവൈഡർ ആയും, ഇവരുടെ സേവനം ആവശ്യമുള്ളവർക്ക് കസ്റ്റമർ ആയും രജിസ്റ്റർ ചെയ്യാവുന്നതാണ്.