കടയ്ക്കാവൂരിൽ കോവിഡ് ചികിൽസാ കേന്ദ്രത്തിൽ സ്ത്രീകളേയും ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടർമാരേയും കമന്റടിക്കുകയും ശല്യപ്പെടുകയും ചെയ്തിരുന്ന യുവാക്കളുടെ സംഘത്തിന് പൊലീസിന്റെ താക്കീത്. കടയ്ക്കാവൂർ ചെക്കാലവിളാകം ജംക്ഷനു സമീപം ശ്രീനാരായണവിലാസം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിലാണ് കടയ്ക്കാവൂർ പൊലീസെത്തി താക്കീതു നൽകിയത്.
യുവാക്കൾ ചിറയിൻകീഴ് സ്വദേശികളാണെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നു എസ്ഐ വിനോദ് വിക്രമാദിത്യൻ അറിയിച്ചു. ഇവിടെ നൂറോളം പേരാണ് ചികിൽസയിലുള്ളത്. ശല്യം വർധിച്ചുവന്നതോടെ കഴിഞ്ഞ ദിവസം സംഘത്തിനെതിരെ സ്ത്രീകൾ ഡ്യൂട്ടി ഡോക്ടർക്കു പരാതി നൽകിയിരുന്നു. തുടർന്നു പരാതി അന്വേഷിച്ചെത്തിയ വനിതാ ഡോക്ടർക്കുനേരെയും യുവാക്കൾ മര്യാദകെട്ടു പെരുമാറിയതോടെയാണു സംഭവം വിവാദമായി മാറിയത്.
എസ്ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നൽകുകയും തുടർന്നാൽ പുറത്തിറങ്ങുമ്പോൾ അറസ്റ്റ് ചെയ്യുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തു. താക്കീതുകളൊന്നും പൂവാലൻമാർ ആദ്യഘട്ടത്തിൽ കേട്ടതായിപ്പോലും നടിച്ചില്ല. പിപിഇ കിറ്റു ധരിച്ചു കേന്ദ്രത്തിൽ കയറി പ്രശ്നക്കാരെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതോടെ പൂവാലൻമാർ പത്തിമടക്കി.