കഴക്കൂട്ടം വനിതാ ഐ.ടി.ഐ ഇനി 'ഹരിത ക്യാമ്പസ് ' - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

കഴക്കൂട്ടം വനിതാ ഐ.ടി.ഐ ഇനി 'ഹരിത ക്യാമ്പസ് '

 


കഴക്കൂട്ടം വനിതാ ഐ.ടി.ഐയെ ഹരിത ക്യാമ്പസ് ആക്കിയതിന്റെ പ്രഖ്യാപനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിച്ചു. പ്രകൃതി സംരക്ഷണത്തിനും കാര്‍ഷിക ഉന്നമനത്തിനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകുന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കഴക്കൂട്ടത്തിനു പുറമെ സംസ്ഥാനത്തെ 10 ഐ.ടി.ഐകളുടെ ഹരിതക്യാമ്പസ് പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.


വ്യാവസായിക പരിശീലന വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി പ്രളയ കാലത്ത് ആരംഭിച്ച നൈപുണ്യ കര്‍മ്മ സേനയുടെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പിലാക്കിയത്. ക്യാമ്പസില്‍ അജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കുക, ഫലവൃക്ഷത്തൈകള്‍ നടുക, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുക, പ്രകൃതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഹരിത ക്യാമ്പസ് പദ്ധതി ലക്ഷ്യമിടുന്നത്. ജല-ഊര്‍ജ്ജ-മണ്ണ് സംരക്ഷണവും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ്. ഹരിതോദ്യാനം, മിനി എം.സി.എഫ്, ഡസ്റ്റ് ബിന്‍, സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍, ഊര്‍ജ സംരക്ഷണത്തിനായി എല്‍.ഇ.ഡി ബള്‍ബുകള്‍ എന്നിവ കഴക്കൂട്ടം ഐ.റ്റി.ഐ ക്യാമ്പസില്‍ സ്ഥാപിച്ചു.


ചടങ്ങില്‍ ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമ അധ്യക്ഷത വഹിച്ചു. കഴക്കൂട്ടം വനിതാ ഐ.ടി.ഐ യില്‍ നടന്ന പരിപാടിയില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി ഹുമയൂണ്‍, ഹരിത ക്യാമ്പസ് കോ ഓര്‍ഡിനേറ്റര്‍ ജെ വിനയകുമാര്‍, പ്രിന്‍സിപ്പല്‍ കെ. രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad