വർക്കല യുവതി പൊള്ളലേറ്റ മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർത്താവിന്റെ മാതാവിനെയും വർക്കല പൊലീസ് അറസ്റ്റ് ചെയ്തു . വർക്കല രാമന്തളി പുതുവൽ വീട്ടിൽ ദീപു ( 41), മാതാവ് സുഭദ്ര (59) എന്നിവരാണ് അറസ്റ്റിലായത്. ദീപുവിന്റെ ഭാര്യ നിഷയെ (30) ഈ മാസം 23ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ 24ന് രാവിലെ നിഷ മരിച്ചു. ഭർത്താവും മാതാവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തന്നെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് മജിസ്ട്രേറ്റിന് നിഷ മരണ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2019 - ലായിരുന്നു നിഷയുടെയും ദീപുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ ആദ്യനാളുമുതല് ഭര്‍ത്താവും , അമ്മയും കൂടി ക്രൂരമായി മാനസികമായും ശാരീരികമായും നിഷയെ പീഡിപ്പിക്കുമായിയായിരുന്നു.വിവാഹശേഷം നിഷയുടെ സ്വർണവും പണവും ഭർതൃ വീട്ടുകാരുടെ ആവശ്യത്തിനായി ഉപയോഗിച്ചതിനെ ചൊല്ലി വീട്ടിൽ നിരന്തരം കലഹമായിരുന്നു. ഈ കലഹമാണ് നിഷയുടെ കൊലപാതകത്തിൽ കലാശിച്ചത്. അറസ്റ്റ് ചെയ്ത ദീപുവിനെയും സുഭദ്രയേയും റിമാൻഡ് ചെയ്തു. ഇരുവരെയും പൂജപ്പുര സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.