ഓർമ്മയിൽ കോറിയിട്ട എന്റെ അങ്കനവാടി പഠനകാലം, നഗരസഭ കൗൺസിലർ ഒ.എസ്.മിനിയുടെ ഓർമ്മക്കുറിപ്പ് വൈറലാകുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ഓർമ്മയിൽ കോറിയിട്ട എന്റെ അങ്കനവാടി പഠനകാലം, നഗരസഭ കൗൺസിലർ ഒ.എസ്.മിനിയുടെ ഓർമ്മക്കുറിപ്പ് വൈറലാകുന്നു


ആറ്റിങ്ങൽ: ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അങ്കനവാടിയിൽ സംഘടിപ്പിച്ച ഗാന്ധി ദർശൻ ക്യാമ്പയിനിലാണ് മിനി തന്റെ ഓർമ്മക്കുറിപ്പ് പങ്ക് വച്ചത്. ടീച്ചറും, പൂർവ്വകാല വിദ്യാർത്ഥികളും നാട്ടിലെ സാംസ്കാരിക നായകൻമാരെയും പങ്കെടുപ്പിച്ച് കൊണ്ട് 45 ദിവസത്തെ ക്യാമ്പയിനാണ് സംഘടിപ്പിച്ചിരിക്കുന്നത്.

        ആറ്റിങ്ങൽ നഗരസഭ 20-ാം വാർഡ് കൗൺസിലർ എന്ന നിലവരെ എത്തപ്പെട്ടു നിൽക്കുന്ന എനിക്ക് ഏറെ സന്തോഷങ്ങളും സങ്കടങ്ങളും ദുരന്തങ്ങളും ജീവിതം സമ്മാനിച്ചിട്ടുണ്ട്. ഏതൊരു വ്യക്തിയുടെയും തുടക്കം അമ്മയുടെ മടിത്തട്ടിലും പിന്നീട് മെല്ലെ പിച്ചവെച്ച് വിദ്യാലയങ്ങളിലേക്കുമാണ്. എന്റെ അനുഭവവും തികച്ചും മറ്റൊന്നായിരുന്നില്ല. കൂലിപ്പണിക്കാരനായ അച്ഛന്റെ മകൾക്ക് അന്നത്തെ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം കിട്ടുന്നത് തന്നെ വലിയ പുണ്യമായി കണക്കാക്കിയിരുന്ന സമൂഹം. അന്നന്നത്തെ അന്നത്തിന് മല്ലടിക്കുന്ന രക്ഷകർത്താക്കൾ എന്റെ വിദ്യാഭ്യാസത്തിനും ഒരു മുട്ടും വരുത്തിയില്ല. അങ്ങനെ 32 വർഷങ്ങൾക്ക് മുമ്പ് രാമച്ചംവിള മുല്ലശ്ശേരി നഗരസഭ അങ്കനവാടിയിൽ അറിവിന്റെ വാതായനങ്ങൾ തുറന്ന് ഞാനും ഒരു വിദ്യാർത്ഥിയായി. വീട് വിട്ട് ആദ്യമായി പാഠശാലയിലെത്തിയ എനിക്ക് സുപരിചിതരായ ആരെയും കാണാൻ കഴിഞ്ഞില്ല. കരഞ്ഞ് കൊണ്ട് ഒരു മൂലക്ക് ഒതുങ്ങി കൂടിയിരുന്ന എന്നെ കൗതുകത്തോടും, അൽപം ഹാസ്യത്തോടും സമീപിച്ച സഹപാഠികൾ. പക്ഷേ അവർക്കൊന്നും പിടികൊടുക്കാതെ കുതറി മാറിയ എനിക്ക് നേരെ വാത്സ്യത്തോടെ രണ്ട് കരങ്ങൾ നീണ്ടു വന്നു. ഒടുവിലെന്റെ കുഞ്ഞ് ബുദ്ധിക്ക് മനസിലായി അങ്കനവാടിയിൽ ഇതാ എനിക്ക് വേറൊരു അമ്മ. തുടർന്നുള്ള ദിവസങ്ങൾ കടന്നുപോയപ്പോൾ പാഠശാലയിലെ ആ അമ്മയാണ് എന്റെ ആദ്യ ഗുരുനാഥ എന്ന തിരിച്ചറിവ്,  അതെ..... എന്റെ അംബിക ടീച്ചർ.

     ഒരുപാട് കഥകളിലൂടെയും കവിതകളിലൂടെയും കുസൃതികളിലൂടെയും കടന്നുപോയ കാലം ഇന്നും ഞാൻ തിളക്കത്തോടെ ഓർക്കുന്നു. അംബിക ടീച്ചർ ഒരിക്കലും ശാസിച്ചതായി ഓർക്കുന്നില്ല. ക്ഷമയുടെയും സഹനത്തിന്റെയും രാജ്ഞി എന്നൊക്കെ വിശേഷിപ്പിക്കാം ടീച്ചറെ കുറിച്ച്. അന്ന് കഞ്ഞിയും പയറും, ഉപ്പ്മാവുമൊക്കെ കഴിച്ച് പഠനകാലയളവ് പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ തലയിൽ കൈ വെച്ചുള്ള ടീച്ചറുടെ അനുഗ്രഹവും, കാലൊടിഞ്ഞ ബഞ്ച്കൾ ഒരിക്കൽ പോലും താഴെ തള്ളിയിടാതെ താങ്ങി നിർത്തിയതും ഒക്കെ ആവാം അങ്കനവാടിയിൽ തുടങ്ങി ബി.എ മലയാളം ബിരുദധാരി വരെ എത്തി നിൽക്കുന്ന എന്റെ വിദ്യാഭ്യാസം. വർഷങ്ങൾ പിന്നിട്ടു ഞാൻ വിവാഹിയായി എനിക്കൊരു മകൻ പിറന്നു. അവന്റെ പ്രാഥമിക വിദ്യാഭ്യാസവും അംബിക ടീച്ചറുടെ ശിക്ഷണത്തിൽ അങ്കനവാടിയിൽ തന്നെ ആരംഭിക്കാൻ എനിക്ക് കഴിഞ്ഞത് ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. ഇന്നവൻ പ്ലസ് ഒൺ വിദ്യാർത്ഥിയാണ്. കേവലം ഗുരു ശിഷ്യ ബന്ധത്തിലുപരി നല്ലൊരു അമ്മയാണ് ടീച്ചർ എന്നതാണ് വാസ്തവം. പണ്ടത്തെ കഞ്ഞിയും പയറും ഉപ്പ്മാവുമൊക്കെ മാറി മറിഞ്ഞ് ഇന്ന് മുട്ട പാൽ പോഷക സമൃദ്ധമായ ഭക്ഷണം. പക്ഷേ ഒരു മാറ്റവും വരാണ്ട് ആയിരകണക്കിന് കുട്ടികളെ അറിവിന്റെ അരങ്ങിലേക്ക് കടത്തിവിട്ട സ്നേഹ നിധിയായി ആ അമ്മ 56-ാം വയസിലും അങ്കനവാടിയുടെ നെടുംതൂണായി നിലകൊള്ളുന്നു. 35 വർഷം പിന്നിടുമ്പോൾ മുല്ലശ്ശേരിയിൽ നിന്നും മാവറവിളയിലേക്ക് അങ്കനവാടി പറിച്ചു നടപ്പെട്ടു. തുടക്കത്തിൽ പട്ടണത്തിൽ 9 പ്രഥമ വിദ്യാലയങ്ങൾ ഉണ്ടായിരുന്നത്,  കാലത്തിന്റെ ചുവടുകൾക്ക് ചടുലതയേറിയപ്പോൾ ഇന്ന് നഗരം 29 അങ്കനവാടികളാൽ സമൃദ്ധം. പതിറ്റാണ്ടുകളുടേതായ മാറ്റങ്ങളിൽപ്പെട്ട് ബെഞ്ചിന്റെ കാലുകൾ ഉറച്ചെങ്കിലും ഇന്നും എന്റെ ഓർമകളിൽ മയാതെ നിൽക്കുന്നു എന്റെ പ്രഥമ കലാലയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad