ആറ്റിങ്ങൽ നഗരസഭ വാർഡ് 24ൽ കൊല്ലമ്പുഴ ആറ്റിങ്ങൽ ഏലായിലാണ് നഗരസഭയും കർഷക സമിതിയും നൂറ് മേനി വിളവെടുത്തത്. ഏകദേശം 15 ഏക്കറിൽ മൂന്ന് മാസം മുമ്പാണ് കൃഷിയിറക്കിയത്. ഒരു സെന്റിൽ 2 പറയെന്ന കണക്കിൽ സമൃദ്ധമായ വിളവായിരുന്നു കർഷകർക്ക് ലഭിച്ചത്. ആറ്റിങ്ങലിന്റെ പൈതൃക ഗ്രാമം കൂടിയായ കൊല്ലമ്പുഴ തിരുവാറാട്ട് കാവിന് സമീപത്ത് കഴിഞ്ഞ 25 വർഷക്കാലമായി തരിശ് കിടന്ന ഏലായിൽ നാടൻ പാട്ടിന്റെ ഈണത്തോടെയാണ് കർഷകർ നൂറു മേനി വിളവെടുത്തത്. കൊയ്ത്ത് ഉത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ എം.പ്രദീപ് നഗരസഭയുടെ വികസനരേഖയുടെ പ്രകാശനം കർഷകർക്ക് കൈമാറി. സുഭിക്ഷ കേരളം പദ്ധതിയുടെയും നഗരസഭ സമൃദ്ധി പദ്ധതിയുടെയും ഭാഗമായിട്ടാണ് ഇവിടെ നെൽകൃഷി ആരംഭിച്ചത്. പട്ടണത്തിന് കൃഷിയിൽ സ്വയം പര്യാപ്തത എന്ന ഉദ്ദേശത്തോട് കൂടിയാണ് വർഷങ്ങൾക്ക് മുന്നേ നഗരസഭ സമൃദ്ധി പദ്ധതി നടപ്പിലാക്കിയതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു. കർഷക സമിതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട കൃഷിക്കായുള്ള ഞാറ്റടിയും ഏലായിൽ ആരംഭിച്ചു.
മുൻ ചെയർമാനും കൗൺസിലറുമായ സി.ജെ.രാജേഷ്കുമാർ, കൗൺസിലർമാരായ എസ്.ഷീജ, മഞ്ചു, കൃഷി ഓഫീസർ വി.എൽ. പ്രഭ, കർഷകസമിതി ഏരിയ സെക്രട്ടറി സി.ദേവരാജൻ, കൺവീനർ പി.കെ.എസ് സന്തോഷ്, അംഗങ്ങളായ രാധാകൃഷ്ണൻ, മോഹൻദാസ്, രാജേന്ദ്രൻ, ബിജു നാരായണപിള്ള, ചന്ദ്രിക, മനോഹർ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി സുഖിൽ തുടങ്ങിയവർ പങ്കെടുത്തു.