വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദന്തവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം വർക്കല സ്വദേശിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെ ഫോണുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നു തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.
പരാതിക്കാരിയുടെ ബന്ധു കൂടിയായ മെഡിക്കൽ കോളജിലെ ദന്തഡോക്ടർ സുബു, സീരിയൽ നടനായ നെടുങ്ങാട് സ്വദേശി ജാസ്മീർ ഖാൻ, വ്യാജ സിം എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. യുവതിയുടെ ദാമ്പത്യ ജീവിതം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ജാസ്മീർ ഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തി.
ഐ ടി ആക്റ്റ്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.