തിരുവനന്തപുരം പാങ്ങോട് യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലപ്പെട്ട ഷിബുവിന്റെ സുഹൃത്തും നിരവധി കേസുകളിലെ പ്രതിയുമായ പാങ്ങോട് ചന്തക്കുന്ന് നൗഫിയ മൻസിലിൽ നവാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കത്തിക്കരിഞ്ഞ ഒരുകാൽ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയും തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് വീട്ടിനുളിൽ മൃതദേഹം കണ്ടത്.
ജോലി സ്ഥലത്ത് വച്ചുണ്ടായ വാക്കുതർക്കത്തിൽ കൊല്ലപ്പെട്ട ഷിബു നവാസിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഷിബുവും നവാസുമായി വീണ്ടും സൗഹൃദത്തിലാവുകയും ഒരുമിച്ച് ജോലിക്കു പോകാനും തുടങ്ങി. ജോലി കഴിഞ്ഞു തിരികെ ഇവർ ഒരുമിച്ച് ഓട്ടോറിക്ഷയിൽ ഷിബുവിന്റെ വീട്ടിലെത്തി. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ ഷിബു പട്ടിക വച്ച് നവാസിന്റെ തലക്കടിച്ചു. ഈ പട്ടിക പിടിച്ചു വാങ്ങി നവാസ് തിരികെ ഷിബുവിനെ തലക്കടിച്ച് വീഴ്ത്തുകയും അബോധാവസ്ഥയിലായ ഇയാളെ വെട്ടിക്കത്തികൊണ്ട് തലയിലും കാലുകളിലും ആഴത്തിൽ വെട്ടി മുറിവേൽപ്പിച്ചു. മരണം ഉറപ്പാക്കിയതിനു ശേഷം പ്ലാസ്റ്റിക്കും തുണിയും കൊണ്ട് മൂടിയതിനുശേഷം മൃതദേഹത്തിൽ മദ്യം ഒഴിച്ചതിനു ശേഷം കത്തിക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. റൂറൽ എസ്പി ബി. അശോകൻ, ഡിവൈഎസ്പി എസ്. വൈ. സുരേഷ്, പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ എൻ. സുനീഷ്, എസ്ഐ ജെ. അജയൻ, ആർ. രാജൻ എന്നിവർ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.