കോവിഡ് നിയന്ത്രണം: സെക്ടറല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ കര്‍ശന പരിശോധന - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

കോവിഡ് നിയന്ത്രണം: സെക്ടറല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ കര്‍ശന പരിശോധന


 ജില്ലയില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ വ്യാപാര കേന്ദ്രങ്ങടക്കമുള്ള പൊതുസ്ഥലങ്ങളില്‍ കര്‍ശന പരിശോധന. ജില്ലാ കളക്ടര്‍ നിയോഗിച്ച സെക്ടറല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടിയുണ്ടാകുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.


92 സെക്ടറല്‍ ഓഫിസര്‍മാരെയാണു മജിസ്റ്റീരിയല്‍ അധികാരങ്ങളോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളക്ടര്‍ നിയോഗിച്ചിരിക്കുന്നത്. സി.ആര്‍.പി.സി. 144 പ്രകാരം ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുകയാണ് ഇവരുടെ പ്രധാന ചുമതല. സെക്ടറല്‍ ഓഫിസര്‍ക്കു കീഴിലുള്ള ഉദ്യോഗസ്ഥ സംഘം ഓരോ സ്ഥലങ്ങളിലും പരിശോധന നടത്തുകയും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. തിരുവനന്തപുരം നഗരത്തില്‍ പത്തു ഡിവിഷനുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫിസറെ വീതമാണു നിയോഗിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ രണ്ടു വാര്‍ഡുകള്‍ക്ക് ഒരു ഉദ്യോഗസ്ഥനും ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന നിലയ്ക്ക് 73 പഞ്ചായത്തുകളില്‍ 73 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.


ഒരു ദിവസം 20 കേന്ദ്രങ്ങളില്‍ വീതമാണ് ഇവര്‍ പരിശോധന നടത്തുന്നത്. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുക, ഇന്‍ഡോര്‍-ഔട്ട് ഡോര്‍ പരിപാടികളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുക, സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചവരുത്തുക, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുക തുടങ്ങിയവയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.


ബ്രേക് ദ ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക, വിവാഹം, ശവസംസ്‌കാര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം, ഓഡിറ്റോറിയങ്ങളടക്കമുള്ള സ്ഥലങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവയും ഇവര്‍ നിരീക്ഷിക്കും. മൈക്രോ കണ്ടെയ്ന്‍മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈന്‍, കടകള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ എന്നിവയും ഇവരുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Post Top Ad