ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വകുപ്പിന്റെ സംയോജിത ഇടപെടൽ കൊവിഡ് ബാധിച്ച രോഗിയെ കെ.എസ്.ആർ.റ്റി.സി ബസിലെ യാത്രക്കിടയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വകുപ്പിന്റെ സംയോജിത ഇടപെടൽ കൊവിഡ് ബാധിച്ച രോഗിയെ കെ.എസ്.ആർ.റ്റി.സി ബസിലെ യാത്രക്കിടയിൽ കണ്ടെത്തി

 


പരവൂരിൽ നിന്ന് ചെമ്പകമംഗലത്തേക്ക് യത്ര ചെയ്തിരുന്ന 73 കാരനെയാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അടിയന്തിര ഇടപെടലിനെ തുടർന്ന് കണ്ടെത്തി കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയത്.


      ചെമ്പകമംഗലം സ്വദേശി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊല്ലം പരവൂരിലെ മകളുടെ വീട്ടിലായിരുന്നു താമസം. മറ്റ് രോഗങ്ങളുടെ ചികിൽസയുടെ ഭാഗമായി പരവൂരിലെ സർക്കാർ ആശുപത്രിയിൽ ഇയാൾ ചികിൽസ തേടിയിരുന്നു. ചികിൽസയുടെ ഭാഗമായി രക്തസാമ്പിളും കൂടെ കൊവിഡ് പരിശോധനക്ക് സ്രവവും ആശുപത്രി അധികൃതർ ശേഖരിച്ചിരുന്നു. തുടർന്ന് ഇന്നിയാൾ തിരിച്ച് പരവൂരിൽ നിന്ന് ചെമ്പകമംഗലത്തെ വീട്ടിലേക്ക് മടങ്ങി. ചാത്തന്നൂർ കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരം സെൻഡ്രലിലേക്ക് തിരിച്ച ബസിലായിരുന്നു ഇയാൾ യാത്ര ചെയ്തത്. യാത്രാമധ്യേ പരവൂരിലെ ആശുപത്രിയിൽ നിന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇയാളുടെ കൊവിഡ് പരിശോധന ഫലം പൊസിറ്റിവാണെന്ന് ഫോണിൽ അറിയിക്കുകയും യാത്രയിൽ നിന്ന് ഒഴിവാകാനും ആവശ്യപ്പെട്ടു. തൊട്ടടുത്ത സീറ്റിലെ യാത്രക്കാരൻ ഇയാൾക്ക് രോഗം ബാധിച്ചതായി മനസിലാക്കുകയും തുടർന്ന് ബസിലെ യാത്രക്കാർ ഒന്നടങ്കം ഈ വിവരമറിഞ്ഞ് പരിഭ്രാന്തരായി. 


      യാത്രക്കാരിൽ ഒരാൾ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപിനെ വിവരമറിയിക്കുകയും, ചെയർമാന്റെ നിർദ്ദേശപ്രകാരം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സിദ്ദീഖ്, എ.അഭിനന്ദ് എന്നിവരുടെ സംഘം ആറ്റിങ്ങൽ ഡിപ്പോയിലെത്തിയ ബസിൽ നിന്നും രോഗബാധിതനായ 73 കാരനെ വലിയകുന്ന് താലൂക്കാശുപത്രിയുടെ ആംബുലൻസിൽ കടക്കാവൂർ സി.എഫ്.എൽ.റ്റി.സി സെന്റെറിലേക്ക് മാറ്റി. ബസിൽ ഏകദേശം ഇരുപതോളം പേർ യാത്ര ചെയ്തിരുന്നു. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള കണ്ടക്ടർ ഉൾപ്പടെയുള്ളവരെ ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.  തുടർന്ന് രോഗി സഞ്ചരിച്ച ബസ് അണുവിമുക്തമാക്കിയ ശേഷം ഡിപ്പോയിൽ പിടിച്ചിടുകയും, പകരം യാത്രക്കയി മറ്റൊരു ബസ് നൽകുകയും ആയിരുന്നു.


   


 പ്രായമായവരും കുട്ടികളും രോഗത്തിനെ കുറിച്ച് മതിയായ ബോധവൽക്കരണം ലഭിക്കാത്തവരും നീയന്ത്രണങ്ങൾ ബോധപൂർവ്വം പാലിക്കാത്തവരുമാണ് രോഗവാഹകരാവുന്നത്. ഇത്തരക്കാരെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഒരു സമൂഹത്തിനെ തന്നെ കൊടിയ വിപത്തിലേക്ക് ഇവർ തള്ളിവിടും. രോഗലക്ഷണമൊ കൊവിഡ് പരിശോധനക്കൊ വിധേയരായവർ ഒരു കാരണവശാലും പുറത്ത് പോകരുത്. അനാവശ്യ സന്ദർശനം അത്യാപത്താകുമെന്നും ചെയർമാൻ പറഞ്ഞു.

നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരായ വിനോദ്, അജി എന്നിവരുടെ നേതൃത്വത്തിൽ വാഹനവും ഡിപ്പൊയും അണുവിമുക്തമാക്കി.

Post Top Ad