സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും അധ്യാപകരും കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതുവരെ ഓൺലൈൻ അധ്യയനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കും. നാടിന്റെ അവസ്ഥ അതല്ല. കുറച്ചു കൂടി കാത്തിരിക്കണം. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകരുത്. അതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് കഴിയണം. ഓൺലൈൻ ക്ലാസുകൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.