തിരുവനന്തപുരം നഗരസഭയിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

തിരുവനന്തപുരം നഗരസഭയിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


കോർപറേഷൻ ഓഫിസിൽ എത്തുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ വാഹനം പാർക്കു ചെയ്യാനായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അമൃത് (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോമേഷൻ) പദ്ധതിയിലുൾപ്പെടുത്തി 5.64 കോടി ചെലവിട്ടാണ്  നിർമിച്ചത്. 7 നിലകളിലായി ഒരു സമയം 102 കാറുകൾ പാർക്കു ചെയ്യാം. 


പുതുതായി നിർമിച്ച കവാടമാണ്  പ്രവേശന വഴി. പാർക്കിങ് കേന്ദ്രത്തിന് മുന്നിലെത്തുന്ന കാറിന്റെ നമ്പർ, നീളം, വീതി, ഭാരം എന്നിവ ഹൈ പവർ സെൻസർ സംവിധാനം ഉപയോഗിച്ച് ഹൈടെക് സെന്ററിൽ രേഖപ്പെടുത്തും. ഈ സമയം ഒഴിവുള്ള റാപ്പ് താഴേക്കു വരും. വാഹനം റാപ്പിൽ കയറ്റിയ ശേഷം ഡ്രൈവർ പുറത്തിറങ്ങണം. തിരികെ എടുക്കാനെത്തുമ്പോൾ വാഹനം എത്രാമത്തെ നിലയിലാണെന്നും എത്ര സമയത്തിനുള്ളിൽ താഴേക്ക് വരുമെന്നും സൈൻ ബോർഡിൽ കാണിക്കും. വാഹനം സുരക്ഷിതമായി താഴെ എത്തിക്കഴിയുമ്പോൾ അലാം മുഴങ്ങും. പിന്നിലെ വഴിയിലൂടെയാണ് പുറത്തേക്കു പോകേണ്ടത്. 


നഗരത്തിലെ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് പൊലീസിനു നിർദേശം നൽകാൻ കഴിയുന്ന തരത്തിൽ സജ്ജീകരിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റേയും പാളയം എ ബ്ലോക്കിലെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.


മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ, മേയർ കെ. ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ്. പുഷ്പലത, എസ്.എസ്. സിന്ധു, പാളയം രാജൻ, ഐ.പി. ബിനു. സി. സുദർശൻ, സ്മാർട്ട് സിറ്റി സിഇഒ: പി. ബാലകിരൺ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവർ പങ്കെടുത്തു. കോയമ്പത്തൂരിലെ സീഗർ സ്പിൻ ടെക് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കേന്ദ്രം നിർമിച്ചത്. 10 വർഷത്തെ പരിപാലന ചുമതലയും ഇവർക്കാണ്. 

Post Top Ad