വിഴിഞ്ഞം തുറമുഖത്തിന്റെ പോർട്ട് ഓപ്പറേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

വിഴിഞ്ഞം തുറമുഖത്തിന്റെ പോർട്ട് ഓപ്പറേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു


 വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ പോർട്ട് ഓപ്പറേഷൻ കെട്ടിടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുറമുഖ പ്രവർത്തനത്തിനുള്ള 220 കെ. വി വൈദ്യുതി ലഭ്യമാക്കുന്നതിനാവശ്യമായ നിർമാണം കെ. എസ്. ഇ. ബി നടത്തി വരികയാണ്. 3.3 ദശലക്ഷം പ്രതിദിനശേഷിയുള്ള ശുദ്ധജല വിതരണ പദ്ധതി വാട്ടർ അതോറിറ്റി നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശവാസികൾക്കും നിലവിലെ ശൃംഖല വഴി ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാതയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയ്ക്കായി കൊങ്കൺ റെയിൽവേ കോർപറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായാണ് പോർട്ട് ഓപ്പറേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന്റെ ഏറ്റവും അഭിമാനകരമായ ബൃഹദ്പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. വലിയ കപ്പലുകൾക്ക് പോലും സുരക്ഷിതമായി ഇവിടെ അടുക്കാനാവും. 18000 ടിഇയു കണ്ടെയ്‌നർ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന രീതിയിലാണ് വിഴിഞ്ഞത്തെ ബെർത്തുകൾ ഒരുക്കുന്നത്. തുറമുഖത്തിന് ആവശ്യമായ 97 ശതമാനം ഭൂമിയും കൈമാറിയതായി മന്ത്രി പറഞ്ഞു.

തുറമുഖ നിർമാണം വേഗത്തിലാക്കേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഡോ. ശശിതരൂർ എം. പി, അഡ്വ. എം. വിൻസെന്റ് എം. എൽ. എ, മേയർ കെ. ശ്രീകുമാർ, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ, വിഴിഞ്ഞം തുറമുഖം എം. ഡി ഡോ. ജയകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Post Top Ad