ജീവിതത്തിന്റെ ദുരിതക്കയങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ശരണ്യ സ്നേഹസീമയിലേക്ക് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ജീവിതത്തിന്റെ ദുരിതക്കയങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ശരണ്യ സ്നേഹസീമയിലേക്ക്


വിടാതെ പിന്തുടരുന്ന രോഗത്തോടു പോരാടി ഉയിർത്തെഴുന്നേറ്റ സീരിയൽ താരം ശരണ്യ ശശി സ്വന്തം വീടെന്ന സ്വപ്നത്തിലേക്കു ചേക്കേറി. അനേകരുടെ സ്നേഹ വായ്പിൽ ചെമ്പഴന്തി അണിയൂരിലെ നാലു സെന്റിൽ പണിത വീട്ടിൽ ശരണ്യയും അമ്മ ഗീതയും താമസമാകുമ്പോൾ അതു വലിയൊരു അതിജീവനത്തിനുള്ള താങ്ങായി. ദുരിത യാത്രയിലുടനീളം കരുത്തായി ഒപ്പം നിന്ന നടി സീമ ജി.നായരാണു ശരണ്യക്കു സ്വന്തം വീട് യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത്. സീമയുടെ സ്നേഹ വായ്പിനെ ശരണ്യ വീടിന്റെ പേരാക്കി. ‘സ്നേഹ സീമ’ എന്നാണു വീട്ടു പേര്. കണ്ണൂർ സ്വദേശിയായ ശരണ്യക്കു 2008ൽ ആണു തലയിൽ ട്യൂമർ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കിയെങ്കിലും ഇടവേളകളിൽ വീണ്ടും വളർന്നുകൊണ്ടിരുന്നു. ഓരോ തവണയും ശസ്ത്രക്രിയ. ഇതുവരെ ഡോ.മാത്യു ഏബ്രഹാമിന്റെ നേതൃത്വത്തിൽ 10 തവണയാണു ശസ്ത്രക്രിയ ചെയ്തത്. ചികിത്സാ ചെലവായിരുന്നു പ്രതിസന്ധി. സീരിയൽ അഭിനേതാക്കളുടെ സംഘടനയായ അത്മയാണ് ആദ്യം തുണച്ചത്. ചികിത്സ തുടർന്നപ്പോൾ പലരിൽ നിന്നു സഹായം തേടി.

9-ാം തവണ ശസ്ത്രക്രിയ ചെയ്യാൻ നേരം 10 രൂപ പോലും കയ്യിലില്ലാതെ പ്രതിസന്ധിയിലായിരുന്നെന്നു സീമയും ശരണ്യയും പറയുന്നു. സൂരജ് പാലാക്കാരൻ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം അറിയിച്ചതോടെ പലരും സഹായിച്ചു. ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിന്റെ ശ്രമഫലമായി 25 ലക്ഷം രൂപ ലഭിച്ചതാണു വലിയ കരുത്തായത്.  കഴിഞ്ഞ ഏപ്രിലിൽ 10-ാം തവണ ശസ്ത്രക്രിയ കഴിഞ്ഞതും ശരണ്യയുടെ ശരീരം ഭാഗികമായി തളർന്നു.

കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ സെന്ററിൽ രണ്ടര മാസം നീണ്ട ഫിസിയോ തെറാപ്പിയിലൂടെയാണു വീണ്ടും നടന്നു തുടങ്ങിയത്. ‘ഇപ്പോൾ നടക്കാൻ അൽപം ബുദ്ധിമുട്ടുണ്ടന്നേയുള്ളൂ. അതും ശരിയാവും. സ്വന്തം വീടെന്നത് ഒരിക്കലും കരുതിയില്ല. ശരിക്കും സ്വപ്നം പോലെയാണിത്’-ശരണ്യ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണിതെന്നു സീമ പറയുന്നു. 


‘1000 ചതുരശ്ര അടി വീടാണ് നിർമിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ കുറച്ചു കൂടി നല്ല വീട് തന്നെ വേണമെന്നും അതിനായി അധികം വരുന്ന തുക മുടക്കാമെന്നും പറഞ്ഞ് അമേരിക്കയിലെ രണ്ട് കുടുംബങ്ങളെത്തി. 1450 ചതുരശ്ര അടിയിൽ മൂന്നു കിടപ്പുമുറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല വീട്ടിലേക്കാണ് അവർ എത്തുന്നത്’- സീമ വ്യക്തമാക്കി. സീമയുടെ സഹോദരങ്ങളുൾപ്പെടെ പങ്കെടുത്ത പാലു കാച്ച് ചടങ്ങിൽ സിനിമ-സീരിയൽ രംഗത്തെ പ്രമുഖരും ആശംസകളുമായെത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad