നിത്യ ഹരിത നായകൻ പ്രേം നസീറിന് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു. ചിറയിൻകീഴ് എന്ന ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച അതുല്യ കലാകാരന് സ്മാരകം വേണമെന്ന വർഷങ്ങളായുള്ള ചിറയിൻകീഴുകാരുടെ നിരന്തരമായാ ആവശ്യമാണ് സഫലമാകാൻ പോകുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ഈ മാസം 26ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി, ചലച്ചിത്ര രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 66.22 സെന്റ് പുരയിടം റവന്യൂ വകുപ്പ് വഴി സാംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു. ഈ ഭൂമിയിലാണ് സ്മാരകം നിർമ്മിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്. സർക്കാർ അനുവദിച്ച ഒരു കോടി രൂപയ്ക്കു പുറമെ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി വിലയിരുത്തി 2 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. സ്മാരകം പണിയുന്നതിനുള്ള പ്രാരംഭ ഘട്ട നടപടികൾ പൂർത്തിയായി വരുന്നു.
മൂന്നു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 7200, രണ്ടാമത്തെ നിലയിൽ 4000, മൂന്നാമത്തെ നിലയിൽ 3800 എന്നിങ്ങനെ ആകെ 15000 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്. താഴത്തെ നിലയിൽ മ്യൂസിയം, ഓഫീസ് തുടങ്ങിയവയും ഒരു ഓപ്പൺ എയർ തീയേറ്റർ -സ്റ്റേജ് എന്നിവയും രണ്ടാമത്തെ നിലയിൽ ഒരു ലൈബ്രറി, കഫ്റ്റീരിയ എന്നിവയും മൂന്നാമത്തെ നിലയിൽ മൂന്ന് ബോർഡ് റൂമുകൾ ഉണ്ട്. രണ്ടും മൂന്നും നിലകളിലായി മതിയായ ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.