ആറ്റിങ്ങൽ നഗരസഭ കൗൺസിലിന് ജീവനക്കാരുടെ ആദരം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ആറ്റിങ്ങൽ നഗരസഭ കൗൺസിലിന് ജീവനക്കാരുടെ ആദരം

 


നഗരസഭ 2015 ൽ അധികാരത്തിലേറി 2020 നവംബർ 11ന് കാലാവധി അവസാനിക്കുന്ന നിലവിലെ കൗൺസിലിനെയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് ആദരം സംഘടിപ്പിച്ചത്. ഒക്ടോബർ 19 ന് 3 മണിക്ക് ചേർന്ന കൗൺസിൽ യോഗം പൂർത്തിയായ ശേഷം ജീവനക്കാരുടെ നേതൃത്വത്തിൽ കൗൺസിലിന്റെ അധ്യക്ഷൻ എം.പ്രദീപ് ഉൾപ്പടെയുള്ള അംഗങ്ങളെ ആദരിക്കുകയായിരുന്നു. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ദക്ഷിണ മേഖല ജോയിന്റ് ഡയറക്ടർ ഹരികുമാർ വിശിഷ്ടാതിഥിയായി. ചെയർമാൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങി 31 പേരാണ് ആദരം ഏറ്റുവാങ്ങിയത്

     


ഈ കൗൺസിൽ അധികാരത്തിൽ വന്ന ശേഷം പട്ടണം ഇതുവരെ കാണാത്ത അനവധി വികസന ക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതിന്റെ ഭാഗമായി അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾക്കും നഗരസഭ അർഹമായി. രാജ്യത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ സമ്പൂർണ പാർപ്പിടം, വൈദ്യുതീകരണം, നഗരത്തിലെ പൊതു വിദ്യാലയങ്ങളിൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങൾ, പ്രളയകാലത്ത് സംസ്ഥാനത്ത് തന്നെ ആദ്യത്തെ കളക്ഷൻ സെന്റെർ, 60 വർഷങ്ങൾക്ക് ശേഷം ആദ്യമായി ദേശീയപാത വികസനത്തിന് നഗരസഭയുടെ നിസ്തുലമായ പങ്ക്, ശോചനീയാവസ്ഥയിൽ ആയിരുന്ന ടൗൺ ഹാളിനെ 4 കോടി രൂപ ചിലവിട്ട് ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുന്നു, ആരോഗ്യ സുരക്ഷ മുൻനിർത്തി ആശുപത്രികളുടെ സബ് സെന്റെറുകൾ, ഡയാലിസിസ് യൂണിറ്റ്, മൃഗാശുപത്രിയുടെ സേവനം 24 മണിക്കൂറാക്കി ഉയർത്തി, തെരുവ് നായ വന്ധീകരണം, ഖരമാലിന്യ സംസ്കരണത്തിലെ മികവ്, ഗ്യാസ് ക്രിമറ്റോറിയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും രോഗികളോടുള്ള മൃദു സമീപനം, സുഭിക്ഷ കേരളം പദ്ധതിക്ക്‌ മുമ്പേ തന്നെ നഗരസഭ നടപ്പിലാക്കിയ സമൃദ്ധി പദ്ധതി, നാട്ടുകാരുടെ സഹകരണത്തോടെ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൻ, സമ്പൂർണ ക്ഷയമുക്ത നഗരം എന്നീ മാതൃക പ്രവർത്തനങ്ങൾ ഈ കൗൺസിലിന് നടപ്പിലാക്കാൻ സാധിച്ചു. കൂടാതെ സംസ്ഥാനത്ത് ആദ്യമായി ചെയർമാൻസ് ഫണ്ട് രൂപീകരിക്കുകയും അതിലൂടെ ലഭിക്കുന്ന തുക പട്ടണത്തിലെ വൃക്ക രോഗികളായിട്ടുളള നിർധനർക്ക് ചികിൽസക്ക് ധനസഹായവുമായി നൽകുന്നു. ഇത്തരത്തിൽ പൊതുജനങ്ങൾക്ക് ക്ഷേമപരമായ പ്രവർത്തനങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അധീതമായി നടപ്പിലാക്കുന്നതിന് കൗൺസിലിനോടൊപ്പം ആത്മാർത്ഥമായി സഹകരിച്ച ജീവനക്കാർക്കും, നാട്ടുകാർക്കും കൗൺസിലിന് വേണ്ടി നഗരപിതാവ് എം.പ്രദീപ് നന്ദി അറിയിച്ചു.


നഗരസഭാ സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, മുനിസിപ്പൽ എഞ്ചിനീയർ സിനി, സൂപ്രണ്ട്മാർ, സ്റ്റാഫ് യൂണിയൻ, പ്രതിനിധികളായ വി.എസ്.വിനോദ്, ശിൽപ്പ, ടെനി, ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൗൺസിലിന് ആദരം അർപ്പിച്ചത്.
Post Top Ad