കോവിഡ് ബാധിച്ച് ആദ്യമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ മരണം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

കോവിഡ് ബാധിച്ച് ആദ്യമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ മരണം


ആറ്റിങ്ങൽ: നഗസഭ ആലംകോട് 1-ാം വാർഡിൽ മഠത്തിൽവിളാകം പുത്തൻവീട്ടിൽ അരിവാളൂർ സ്വദേശി വേണു (60) മരണപ്പെട്ടു. കഴിഞ്ഞ ദിവസം ഹൃദ്രോഗം ഉണ്ടായതിനെ തുടർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പരിശോധനയിൽ 62 കാരിയായ ഭാര്യക്കും ഇയാൾക്കും കൊവിഡ് സ്ഥിരീകരിക്കുകയാ യിരുന്നു. ഇന്നലെ രാത്രിയോടെ രോഗം മൂർച്ചിക്കുകയും ഇന്ന് ഉച്ചക്ക് 2 മണിയോടെ മരണപ്പെടുകയും ആയിരുന്നു. തുടർന്ന് ഗോകുലം മെഡിക്കൽ സൂപ്രണ്ട് നഗരസഭ ചെയർമാൻ എം.പ്രദീപിനെ വിവരമറിയിക്കുകയും, ചെയർമാന്റെ നിർദ്ദേശപ്രകാരം നഗസഭ ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്.മഞ്ചു, എ.അഭിനന്ദ് എന്നിവരുടെ സംഘം ആശുപത്രിയിൽ എത്തി മൃതശരീരം വിട്ട് കിട്ടുവാനുള്ള നടപടികളും പൂർത്തിയാക്കി.


രോഗബാധിതനായി മരണപ്പെട്ട വ്യക്തിയെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിലുള്ള ബുദ്ധിമുട്ട് ബന്ധുക്കൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചെയർമാന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ മൃതശരീരം രാത്രി 7 മണിയോടെ നഗരസഭയുടെ ശാന്തിതീരം സ്മശാനത്തിൽ സംസ്കരിച്ചു. മരണപ്പെട്ടയാൾ നഗരസഭാ പരിധിയിലെ താമസക്കാരനാണ്. അതിനാൽ നഗരസഭയുടെ സ്മശാനത്തിൽ സംസ്കരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം നടപ്പിലാക്കുക ആയിരുന്നെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മരണപ്പെട്ട 68 കാരന്റെ ഭാര്യയെ ഗോകുലം കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ മകൻ 35 കാരൻ, മരുമകൾ 29 കാരി, സഹോദരി പുത്രൻ 29 കാരൻ എന്നിവരെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ പറഞ്ഞു. സംസ്കാരത്തിന് ശേഷം മൃതശരീരം കൊണ്ടുവന്ന ആംബുലൻസ്, ക്രിമറ്റോറിയം, വീടും പരിസരവും ശുചീകരണ വിഭാഗം ജീവനക്കാരായ അജി, വിനോദ് എന്നിവർ അണുവിമുക്തമാക്കി.


ഇതുവരെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി 174 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറ്റിങ്ങലിൽ ആദ്യമായാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി പൊതുജനങ്ങൾ പെരുമാറണം. കനത്ത ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗികൾക്ക് ഒപ്പം മരണ സംഖ്യയും കൂടുമെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

Post Top Ad