തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് റിലേ നിരാഹാര സമരത്തിനും നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുള്ള സൂചന സമരത്തിനും പിന്നാലെ കടുത്ത പ്രതിഷേധ നടപടികളുമായി ഡോക്ടർമാരുടെ സംഘടന. ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്കരിച്ചു. കോവിഡ് ചികിത്സ, കാഷ്വാലിറ്റി, ഐ സി യു എന്നീ വിഭാഗങ്ങളിലെ ചികിത്സയെ തടസപ്പെടുത്താത്ത വിധത്തിലായിരുന്നു പ്രതിഷേധം. ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. നഴ്സുമാരുടെ സംഘടന ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുകയാണ്. തുടർന്നും അനുകൂലമായൊരു തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒ പി ബഹിഷ്കരിക്കും. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡോക്ടർമാരുടെ സംഘടനാ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാർ സമരമുറകളുമായി മുന്നോട്ട് വന്നത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നു സർക്കാർ പിന്മാറണമെന്ന് കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.