വർക്കല സ്വദേശിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിമുക്ക് കൊട്ടളക്കുന്ന് കുന്നുവിള പുത്തൻ വീട്ടിൽ പ്രവീണിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യ സജിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കൊലപാതക ശ്രമത്തിനിടെ ഇയാളുടെ രണ്ട് കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. കടുത്ത മദ്യപാനിയായ ഇയാൾ നിരന്തരം യുവതിക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അത്യാസന്നനിലയില്‍ കഴിയുന്ന സജിതയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പി.അജിത്ത് കുമാർ,എ.എസ്.ഐ സുബാഷ്,എ.എസ്.ഐ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.