അധികാരിയും, തൊഴിലാളിയും ഒരേ ഏലായിൽ കൃഷി ചെയ്ത് നൂറ് മേനി വിളവെടുത്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

അധികാരിയും, തൊഴിലാളിയും ഒരേ ഏലായിൽ കൃഷി ചെയ്ത് നൂറ് മേനി വിളവെടുത്തു
ആറ്റിങ്ങൽ: നഗരസഭ 22-ാം വാർഡ് മീമ്പാട്ട് ഏലായിൽ ആണ് നഗരസഭ ശുചീകരണ വിഭാഗം താൽക്കാലിക ജീവനക്കാരനായ ഗിരീശൻ അമ്പറ കണ്ടം കൊയ്ത് നൂറ് മേനി വിളവെടുത്തത്. 


      കഴിഞ്ഞ ജൂലൈ പാതിയോടെയാണ് മീമ്പാട്ട് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ 50 ഏക്കർ ഏലായിൽ കൃഷിയിറക്കിയത്. തുടർച്ചയായ അഞ്ചാം തവണയാണ് കർഷക കൂട്ടായ്മ ഇവിടെ കൃഷി ചെയ്ത് വിളവെടുത്തത്. അമ്പത് ഏക്കറിൽ ഗിരീശൻ 5 പറ കണ്ടം ഏറ്റെടുത്താണ് കൃഷി ചെയ്തത്. ഇത്തവണ ഇയാൾക്ക് 32 ചാക്ക് നെല്ല് സംഭരിക്കാൻ സാധിച്ചു. ഏകദേശം ഇരുപത്തി രണ്ടായിരം രൂപ ഇതിനായി ചിലവഴിച്ചു. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരനായി കഴിഞ്ഞ 15 വർഷമായി ജോലി നോക്കുകയാണ് ഈ 50 വയസ്കാരൻ. തുച്ഛമായ ശമ്പളത്തിൽ 6 അംഗങ്ങളെ പോറ്റുന്നതോടൊപ്പം കൃഷിക്ക് ധനവും സമയവും കണ്ടെത്തി എന്നതാണ് ഇയാളെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഭാര്യ തുളസിയും മകളും പേരക്കുട്ടികളും ഒരുമിച്ചാണ് സംഭരിച്ച നെല്ല് ഉണക്കിയെടുത്ത് വില്പനക്ക് തയ്യാറാക്കുന്നത്. ഏലായിൽ വീണ്ടും അടുത്ത ഘട്ട ഞാറ്റടിക്ക് കർഷക കൂട്ടായ്മ തുടക്കം കുറിച്ചു. കൂടാതെ നഗരസഭ ചെയർമാൻ എം.പ്രദീപും, വാർഡ് കൗൺസിലർ ജി.തുളസീധരൻ പിള്ളയും ഇതേ ഏലായിൽ 4 പറകണ്ടം വീതം കൃഷി ചെയ്ത് വിളവെടുത്തു. കഴിഞ്ഞ തവണ പ്രളയം മൂലം കൃഷിക്ക് ചിലവാക്കിയ തുക നഷ്ടപ്പെട്ടിരുന്ന ഗിരീശന് ഇത്തവണ ചെയർമാനോടും, വാർഡ് കൗൺസിലറോടും ഒപ്പം വിജയകരമായി വിളവെടുക്കാൻ സാധിച്ച സന്തോഷത്തിലാണ് ഇയാളും കുടുംബവും.  ഇവർക്ക് പുറമെ 15 പേരും ഇവിടെ കൃഷിയിറക്കിയിരുന്നു.

      18 വർഷമായി തരിശ് കിടന്നിരുന്ന ഭൂമിയിൽ നഗരസഭയുടെയും, കൃഷി ഭവന്റെയും ഇടപെടലോടെ കർഷക സമിതിയും, കൂട്ടായ്മയും രൂപീകരിച്ച് ഇക്കഴിഞ്ഞ 5 വർഷക്കാലമായി കൃഷിയോഗ്യമാക്കാൻ സാധിച്ചു. കൂടാതെ സംഭരിച്ച നെല്ല് മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് കർഷകരിൽ നിന്ന് ഏറ്റെടുത്ത് വിപണിയിലെത്തിക്കും. കൃഷി ചെയ്ത കർഷകർക്ക് സബ്സിഡി തുക അനുവദിക്കുന്നതിനുള്ള നടപടികളും പൂർത്തിയായെന്ന് കൃഷി ഓഫീസർ വി.എൽ.പ്രഭ അറിയിച്ചു.

Post Top Ad