സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അക്ഷയ കേരളം പുരസ്കാരം വർക്കല മുൻസിപ്പാലിറ്റിക്ക് ലഭിച്ചു. കേരള സർക്കാരിന്റെ "എന്റെ ക്ഷയരോഗ മുക്ത കേരളം" പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ് വര്‍ക്കല മുൻസിപ്പാലിറ്റിക്ക് അക്ഷയ കേരളം പുരസ്കാരം ലഭിച്ചത്. വർക്കല താലൂക്ക് ആശുപത്രിയിൽ വച്ച നടന്ന ചടങ്ങിൽ എം.എല്‍.എ അഡ്വ.ജോയ് അക്ഷയ കേരളം പുരസ്കാരം മുൻസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസിന് കൈമാറി. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സണ്‍ സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജ്ജ് ഇന്‍ ടി.ബി ഡോ.ജിജിന് വിഷയാവതരണം നടത്തി.
വർക്കല മുൻസിപ്പാലിറ്റിയിലെ 33 വാര്‍ഡുകളിലും ക്ഷയരോഗബാധയുള്ള ഒരാളുപോലും മരുന്ന് ഇടയ്ക്കുവച്ച് നിര്‍ത്തി ക്ഷയരോഗത്തിന്റെ ഗുരുതരമായ രണ്ടാം ഘട്ടത്തിലേക്ക് പോകേണ്ടിവന്നിട്ടില്ല. പ്രാരംഭഘട്ടത്തിലെ ചികിത്സ പരാജയപ്പെടുന്ന അവസ്ഥയുണ്ടാവാതെ നോക്കാനും വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിന് സാധിച്ചു. വർക്കല മുൻസിപ്പാലിറ്റിയിലെ ക്ഷയരോഗ ബാധിതരില്‍ 100 ശതമാനം പേരും രോഗമുക്തരായി.