ആറ്റിങ്ങൽ പട്ടണത്തിൽ കൊവിഡ് വൈറസ് നാലാമത്തെ ജീവനും അപഹരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ആറ്റിങ്ങൽ പട്ടണത്തിൽ കൊവിഡ് വൈറസ് നാലാമത്തെ ജീവനും അപഹരിച്ചു

 


നഗരസഭ എൽ.എം.എസ് വാർഡ് 4 ൽ മുഞ്ഞിനാട് സ്വദേശി 62 കാരിയായ വസന്തയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവർ അർബുദ രോഗിയായിരുന്നു. ഒരാഴ്ച മുമ്പ് ചികിൽസയുടെ ഭാഗമായി തിരുവന്തപുരം ആർ.സി.സി യിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ അഡ്മിറ്റ് ചെയ്തിരുന്ന വാർഡിൽ മറ്റൊരു അർബുദ രോഗിയുടെ കൂട്ടിരിപ്പ്കാരന് വൈറസ് ബാധിച്ചിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം വാർഡിലെ മുഴുവൻ രോഗികളെയും കൂട്ടുരിപ്പുകാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഈ പരിശോധനയിലാണ് വസന്തക്ക് രോഗം സ്ഥിരീകരിച്ചത്.  രോഗം ബാധിച്ച് ദിവസങ്ങൾക്കുള്ളിൽ ഇവരുടെ സ്ഥിതി വഷളാകുകയും വിദഗ്ദ്ധ ചികിൽസക്കായി ഇവരെ മെഡിക്കൽ കോളേജിലെ പ്രത്യേക കൊവിഡ് ചികിൽസ കേന്ദ്രത്തിലേക്ക് മാറ്റുകയും ആയിരുന്നു. പക്ഷേ രോഗം മൂർച്ചിച്ചതോടെ കഴിഞ്ഞ ദിവസം രാത്രി 12.30 ന് ഇവർ മരിച്ചു. 


       തുടർന്ന് നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ നിർദ്ദേശ പ്രകാരം ജെ.എച്ച്.ഐ മഞ്ചു, അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിൽ മൃതശരീരം ആശുപത്രിയിൽ നിന്ന് വിട്ട് കിട്ടാനുള്ള നടപടികൾ പൂർത്തിയാക്കി. എന്നാൽ മരണപ്പെട്ട വസന്തക്ക് കൊവിഡ് ബാധിച്ചിരുന്നതിനാൽ മൃതശരീരം ഏറ്റുവാങ്ങുവാൻ ബന്ധുക്കൾക്ക് ഏറെ ആശങ്കയുണ്ടായി. ഈ സാഹചര്യത്തിലാണ് ചെയർമാന്റെ നിർദേശ പ്രകാരം പട്ടണത്തിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്. ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല സെക്രട്ടറി അനസ്, വൈസ് പ്രസിഡന്റ് അജീഷ്, ജോയിൻ സെക്രട്ടറി അരുൺ, നിതിൻ എന്നിവർ കൊവിഡ് പ്രതിരോധ വസ്ത്രമണിഞ്ഞ് വസന്തയുടെ മൃതശരീരം ഏറ്റുവാങ്ങി വൈകുന്നേരം 6 മണിയോടെ നഗരസഭ ശാന്തിതീരം സ്മശാനത്തിൽ സംസ്കരിച്ചു. പ്രളയകാലത്തു കൊവിഡ് കാലത്തും പകരം വയ്ക്കാൻ കഴിയാത്ത തരത്തിലാണ് പട്ടണത്തിലെ ഡി.വൈ.എഫ്.ഐ നേതൃത്വം നഗരസഭയുമായി സഹകരിക്കുന്നതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.


      കെ.എസ്.എഫ്.ഇ യിൽ ദിവസവേതന ശുചീകരണ വിഭാഗം ജീവനക്കാരിയായിരുന്നു വസന്ത. ഭർത്താവ് പ്രഭാകരൻ (62) അവിവാഹിതയായ മകൾ (37) എന്നിവരാണ് വസന്തയോടൊപ്പം മുഞ്ഞിനാട്ടെ ചരുവിള വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad