നിത്യ ഹരിത നായകൻ ചിറയിന്കീഴിന്റെ സ്വന്തം പ്രേം നസീറിന്റെ സ്മരണകളുയർത്തി ചിറയിൻകീഴിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു. ചിറയിൻകീഴ് എന്ന ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച അതുല്യ കലാകാരന് സ്മാരകം വേണമെന്ന വർഷങ്ങളായുള്ള ചിറയിൻകീഴുകാരുടെ നിരന്തരമായാ ആവശ്യമാണ് സഫലമാകാൻ പോകുന്നത്. പ്രേംനസീറിന്റെ മുഴുവൻ സിനിമകളുടെയും ശേഖരണം, ലൈബ്രറി, മിനി തിയേറ്റർ, താമസസൗകര്യം, ചലച്ചിത്ര പഠനത്തിനുള്ള സൗകര്യം മുതലായവ സ്മാരകത്തിലുണ്ടാകും.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 66.22 സെന്റ് പുരയിടം റവന്യൂ വകുപ്പ് വഴി സാംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു. ഈ ഭൂമിയിലാണ് സ്മാരകം നിർമ്മിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്. സർക്കാർ അനുവദിച്ച ഒരു കോടി രൂപയ്ക്കു പുറമെ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി വിലയിരുത്തി 2 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നത്.
മൂന്നു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 7200, രണ്ടാമത്തെ നിലയിൽ 4000, മൂന്നാമത്തെ നിലയിൽ 3800 എന്നിങ്ങനെ ആകെ 15000 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്. താഴത്തെ നിലയിൽ മ്യൂസിയം, ഓഫീസ് തുടങ്ങിയവയും ഒരു ഓപ്പൺ എയർ തീയേറ്റർ -സ്റ്റേജ് എന്നിവയും രണ്ടാമത്തെ നിലയിൽ ഒരു ലൈബ്രറി, കഫ്റ്റീരിയ എന്നിവയും മൂന്നാമത്തെ നിലയിൽ മൂന്ന് ബോർഡ് റൂമുകൾ ഉണ്ട്. രണ്ടും മൂന്നും നിലകളിലായി മതിയായ ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മന്ത്രി എ.കെ. ബാലന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യപ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, സിനിമ താരങ്ങളും പ്രവർത്തകരുമായ മധു, ഷീല, ശ്രീകുമാരൻ തമ്പി, പി. ജയചന്ദ്രൻ, വിധുബാല, ബാലചന്ദ്രമേനോൻ, ജയറാം, ഷാനവാസ്, സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവർ ഓൺലൈനായി ആശംസകൾ അറിയിക്കും. ആനത്തലവട്ടം ആനന്ദൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ജില്ല പഞ്ചായത്തംഗം ആർ. ശ്രീകണ്ഠൻ നായർ, പഞ്ചായത്തംഗം ബേബി, നസീറിന്റെ സഹോദരി അനീസാബീബി, പ്രേംനസീർ അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്.വി. അനിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ സ്വാഗതവും ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ നന്ദിയും പറയും.