നാല് എക്‌സൈസ് ഓഫീസുകൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

നാല് എക്‌സൈസ് ഓഫീസുകൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു

 




വ്യാജമദ്യ മയക്കുമരുന്ന് ലോബികൾക്ക് കേരളത്തിൽ ഇടമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബദിയടുക്ക, മട്ടന്നൂർ, തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസുകളുടെയും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിന്റേയും പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സംസ്ഥാനത്ത് വേരുറപ്പിക്കാൻ ലഹരി മാഫിയ വലിയ തോതിൽ ശ്രമം നടത്തുന്നുണ്ട്. എന്നാൽ എക്‌സൈസ്, പോലീസ് വിഭാഗങ്ങളുടെ ഫലപ്രദമായ ഇടപെടൽ മൂലമാണ് അവർക്ക് വിജയിക്കാൻ കഴിയാത്തത്. മയക്കുമരുന്നടക്കം ലഹരി പദാർത്ഥങ്ങൾ കടത്തുന്നവരെയും വിതരണക്കാരെയും സർക്കാർ നിർദാക്ഷണ്യം നേരിടും. സമൂഹത്തിന്റെ ചടുലതയുടെ അടിസ്ഥാനമായ യുവാക്കളെയും വിദ്യാർത്ഥികളെയുമാണ് ലഹരിമാഫിയ ലക്ഷ്യമിടുന്നത്. യുവജനങ്ങളെ ലഹരിക്ക് അടിമപ്പെടുത്തിയാൽ അത് സമൂഹത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള ലഹരിമാഫിയയുടെ പ്രവർത്തനം തടയാൻ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ലോകവ്യാപകമായ ലഹരി മാഫിയ വലിയ തോതിൽ കരുത്ത് നേടാൻ കഴിഞ്ഞ ശക്തിയാണ്. നമ്മുടെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ അവർ ശ്രമിക്കുമെന്നത് ഗൗരവത്തോടെ കാണണം.ലഹരി വർജനത്തിലൂടെയുള്ള ലഹരിമുക്ത നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വിമുക്തി മിഷൻ സർക്കാർ ആരംഭിച്ചത്. വിപുലവും വൈവിധ്യമുള്ളതുമായ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനമാണ് വിമുക്തി നടത്തുന്നത്.


വിദ്യാഭ്യാസം, ആരോഗ്യം, വനിത ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ഓൺലൈൻ കാമ്പയിൻ ഏറെ ഫലപ്രദമായിരുന്നു. എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തിൽ സംസ്ഥാനത്ത് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തിക്കുന്നു. ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ എക്‌സൈസ് ക്രൈംബ്രാഞ്ചും പ്രവർത്തിക്കുന്നുണ്ട്. ലഹരി വേട്ടയിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.


താലൂക്ക് തലത്തിൽ ഡിഅഡിക്ഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കോഴിക്കോട് കിനാലൂരിൽ കേന്ദ്രസഹായത്തോടെ ആധുനിക സംവിധാനങ്ങളോടെയുള്ള ഡിഅഡിക്ഷൻ സെന്റർ ആരംഭിക്കും. 138 വനിത സിവിൽ എക്‌സൈസ് ഉദ്യോഗസരുടേത് ഉൾപ്പെടെ 384 പുതിയ തസ്തികകൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.


പട്രോളിംഗിന് വനിതാ സ്‌ക്വാഡിനെ ഏർപ്പെടുത്തി. പട്ടികവർഗക്കാരായ 25 യുവതീയുവാക്കൾക്ക് അധിക തസ്തിക സൃഷ്ടിച്ച് നിയമനം നൽകി. എക്‌സൈസ് ഇൻസ്‌പെക്ടർ, സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ, വനിത സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ പരിശീലനത്തിന് തുടക്കം കുറിച്ചു. എക്‌സൈസ് വകുപ്പിലെ എല്ലാ ഒഴിവുകളും ഇതിനകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. എക്‌സൈസിൽ വനിത പ്രാതിനിധ്യം ഉയർത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ടി. പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.


Post Top Ad