ഇന്ന് ഗാന്ധിജയന്തി ; അന്താരാഷ്ട്ര അഹിംസ ദിനം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഇന്ന് ഗാന്ധിജയന്തി ; അന്താരാഷ്ട്ര അഹിംസ ദിനം


 അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ വെള്ളിവെളിച്ചത്തിലേക്കെത്തിച്ച രാഷ്ട്രപിതാവിന്റെ നൂറ്റിഅൻപത്തിയൊന്നാം ജന്മവാർഷികം . മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി ജനിച്ചത് 1869 ഒക്ടോബർ 2 നാണ്. സ്വന്തം ജീവിതത്തെ സന്ദേശമാക്കുകയും മറുവശത്ത് ആ സന്ദേശത്തെ സ്വന്തം ജീവിതമാക്കുകയും ചെയ്ത അത്ഭുത പ്രതിഭാസമാണ് ഗാന്ധിജി. കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും ആ മഹാത്മാവിന് കഴിഞ്ഞു.  മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിൻ്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഗാന്ധിജി തന്റെ ജീവിതം കൊണ്ട് പകർന്നു തന്ന സന്ദേശങ്ങളിലാണ് ഇന്നും ലോകം ഉറ്റുനോക്കുന്നത് - സമാധാനത്തിനു വേണ്ടി; അനീതിക്കെതിരെ പോരാടാൻ; പരസ്‌പര സഹവർത്തിത്വത്തോടെ ജീവിക്കാൻ; എന്തിനേറെ, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ പോലും. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. 1948 ജനുവരി 30ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിജിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്‌കരിച്ചു. ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ മരണം പോലും ഒരു സന്ദേശമായിരുന്നു. "ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ  ജീവിച്ചിരുന്നു വെന്ന് വരും തലമുറ വിശ്വസിച്ചേക്കില്ല" ആൽബർട്ട് ഐൻസ്റ്റീൻ  ഗാന്ധിജിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ. 

ലോകമെമ്പാടും ഇന്ന് അതിതീവ്രമായ ഒരു പ്രതിസന്ധിഘട്ടത്തിലാണ്. കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ഇന്ന്  ലോകം. ഈ സാഹചര്യത്തിൽ നാം ഏവരും ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ പൊരുതുകയാണ് വേണ്ടത്. ആർഭാടങ്ങളും ആഡംബരങ്ങളുമല്ല ജീവനാണ്  വലുത്.  സാമൂഹിക  അകലം പാലിച്ച്  മാനസിക ഐക്യത്തോടുകൂടി നമുക്ക് മുന്നേറാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad