കേരളീയരുടെ കമ്മ്യൂണിസ്റ് നേതാവ് വി.എസ് അച്യുതാന്ദന് പിറന്നാൾ ആശംസകൾ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

കേരളീയരുടെ കമ്മ്യൂണിസ്റ് നേതാവ് വി.എസ് അച്യുതാന്ദന് പിറന്നാൾ ആശംസകൾ
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്ന് 97 തികയുന്നു. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും മൂലം മുഴുവൻ സമയവും വസതിയിൽ കഴിയുന്ന വിഎസ് സന്ദർശകരെ സ്വീകരിക്കാറില്ല. കാണാനുള്ള കലശലായ ആഗ്രഹം പങ്കുവച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെത്തേടി കഴിഞ്ഞ ദിവസം വിഎസിന്റെ മകൻ വി.എ.അരുൺ കുമാറിന്റെ വാട്സാപ് വിഡിയോ കോൾ എത്തി. ഫോണെടുത്തപ്പോൾ അപ്പുറത്തു വിഎസ്: ‘സുഖമല്ലേ’. പ്രിയ സഖാവിനെ കണ്ട ആഹ്ലാദത്തിലായി പന്ന്യൻ. ‘സഖാവിനും സുഖമല്ലേ’ എന്ന ചോദ്യത്തിന് ‘അതെ’ എന്നു മറുപടി. ക്ഷീണമുണ്ടോ എന്നു ചോദിച്ചപ്പോൾ ക്ഷീണം മാറ്റിവച്ചുള്ള ചിരി.


ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയായ ‘കവടിയാർ ഹൗസി’നു പുറത്തേക്കു വിഎസ് ഇറങ്ങിയിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്ന വിഎസിനു പൂർണ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചത്. ആശുപത്രി വിട്ട ശേഷം അച്യുതാനന്ദൻ സ്വതസിദ്ധമായ അതിജീവന രീതിയിലൂടെ സാധാരണ ജീവിതത്തിലേക്ക് ഏറെക്കുറെ മടങ്ങിയെത്തി. വീടിനകത്തു വീൽചെയറോ പരസഹായമോ വേണ്ടിവരുന്നു. 


പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്.അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വി.എസിനെ നെഞ്ചിലേറ്റുന്നവരുണ്ട്.  ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പല്ലപ്പോഴും വി. എസിനനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ വി.എസ്.കേന്ദ്ര നേതൃത്വത്തോട് സർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി.


കേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കുന്നത്. മാതാപിതാക്കൾ രോഗബാധിതരായപ്പോൾ കുട്ടിയായിരുന്ന വി.എസ് അവരുടെ ആയുസിനായി പ്രാർത്ഥിച്ചു. പ്രാർത്ഥന ആരും കേട്ടില്ല. ഫലിച്ചില്ല.വി.എസ്.അനാഥനായി. ഇത് മൂലം വി.എസ് കടുത്ത നിരീശ്വരവാദിയായി മാറി. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.


1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു[2],[3]. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി

കേരളക്കരയുടെ പ്രിയ നേതാവിന് ഇ സി ന്യൂസിന്റെ പിറന്നാൾ ആശംസകൾ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad