ആറ്റിങ്ങൽ പൂവണത്തുംമൂട് പള്ളിയറ ക്വാറിയിൽ നിന്ന് പാസില്ലാതെ ലോഡുമായി വന്ന ടിപ്പർ ലോറികൾ പിടിച്ചെടുത്തു. ചിറയിൻകീഴ് ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാസില്ലാതെ ലോഡുമായി വന്ന 4 ടിപ്പർ ലോറികൾ പിടിച്ചെടുത്തത്. ഇതേത്തുടർന്ന് ടിപ്പർ ലോറി ഉടമകളും ജീവനക്കാരും സംഘടിച്ചെത്തുകയും തഹസിൽദാരെയും സംഘത്തെയും തടഞ്ഞുവയ്ക്കുകയും ചെയ്തു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി തഹസിൽദാരെയും ഉദ്യോഗസ്ഥരെയും മോചിപ്പിച്ചു. ടിപ്പർ ലോറികൾ ചിറയിൻകീഴ് താലൂക്ക് ഓഫീസിലേക്ക് മാറ്റി. പാസില്ലാതെയാണ് പള്ളിയറ ക്വാറിയിൽ നിന്നും ലോഡ് നൽകുന്നതെന്നും അതിനാൽ തഹസിൽദാർ ഈടാക്കിയ പിഴ ക്വാറി ഉടമ നൽകണമെന്നുമാണ് ടിപ്പർ ഉടമകളുടെ ആവശ്യം. എന്നാൽ ക്വാറി ഉടമ പറയുന്നത് ക്വാറിയിൽ നിന്ന് ദിവസേന 40 പാസുകൾ വിതരണം ചെയ്യുന്നുണ്ടെന്നും പാസില്ലാത്ത ലോഡുകൾ തഹസിൽദാർ പിടിച്ചതിന് തനിക്ക് ഉത്തരവാദിത്തമില്ലെന്നുമാണ്. ഇത് പൂവണത്തും മൂട് ജംഗ്ഷനിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനും ഗതാഗത തടസത്തിനും കാരണമായി. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, സി.ഐ ഷാജി, എസ്.ഐ സനൂജ് എന്നിവരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.