തദ്ദേശ തെരഞ്ഞെടുപ്പ് 2020 മാർഗനിർദേശങ്ങൾ ഇപ്രകാരം - EC Online TV

Breaking

Post Top Ad


2020, നവംബർ 8, ഞായറാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് 2020 മാർഗനിർദേശങ്ങൾ ഇപ്രകാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനുള്ള  മാർഗനിർദേശങ്ങൾ ജില്ലയിൽ കർശനമായി പാലികുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നിർദേശം നൽകി. ചുവരെഴുത്തിലടക്കം പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യം എഴുതുന്നതിനോ സ്ഥാപിക്കുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും നിർബന്ധമായും പരസ്യത്തിൽ ചേർത്തിരിക്കണം. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരവുമായ പരസ്യങ്ങൾ പ്രചാരണത്തിൽ പാടില്ല. മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ അടക്കമുള്ള ബീഭത്സ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും പാടില്ല. 

മറ്റൊരു സ്ഥാനാർഥി പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നശിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന  രീതിയിലുള്ള പരസ്യങ്ങൾ വയ്ക്കാൻ പാടില്ല. നിലവിലുള്ള നിയമങ്ങൾ പൂർണമായി പാലിച്ചു വേണം പരസ്യങ്ങൾ സ്ഥാപിക്കാൻ.


വഴി തടസപ്പെടുത്തി ബോർഡ് വയ്ക്കരുത്

വാഹന യാത്രികർക്കും കാൽ നടക്കാർക്കും മാർഗതടസമുണ്ടാക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പു പരസ്യം സ്ഥാപിക്കരുത്. നടപ്പാത, റോഡുകളുടെ വളവുകൾ, പാലങ്ങൾ എന്നിവിടങ്ങളിലും റോഡിനു കുറുകേയും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങൾക്കു ശല്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയിലും പരസ്യം വയ്ക്കരുത്. പൊതുജനങ്ങളുടേയോ വാഹനങ്ങളുടേയോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങളിൽ പരസ്യം സ്ഥാപിക്കരുത്. ബന്ധപ്പെട്ടവരുടെ മുൻകൂർ അനുമതിയില്ലാതെ പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലഫോൺ പോസ്റ്റുകളിലോ പരസ്യം സ്ഥാപിക്കാനോ വരക്കാനോ എഴുതാനോ പാടില്ലെന്നും കളക്ടർ നിർദേശം നൽകി.


വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ അതത് സ്ഥാനാർഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്തു നശിപ്പിക്കുകയോ പുന:ചംക്രമണത്തിന് ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറുകയോ ചെയ്യണം. നീക്കം ചെയ്തില്ലെങ്കിൽ, വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്യുകയോ പുന: ചംക്രമണത്തിനായി ഏജൻസിക്കു കൈമാറുകയോ ചെയ്ത് അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയിൽ നിന്ന് ഈടാക്കണമെന്നും നിർദേശം നൽകി.

Post Top Ad