തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ജില്ലയിൽ 3,281 പോളിങ് സ്‌റ്റേഷനുകൾ - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ജില്ലയിൽ 3,281 പോളിങ് സ്‌റ്റേഷനുകൾ

 


തിരുവനന്തപുരം ജില്ലയിൽ വോട്ടെടുപ്പിന് ഒരുങ്ങുന്നത് 3,281 പോളിങ് സ്‌റ്റേഷനുകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണവും ക്രമീകരണങ്ങളുമാണ് പോളിങ് ബൂത്തിലും പരിസരത്തും ഏർപ്പെടുത്തുന്നതെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


ജില്ലയിലെ ആകെ പോളിങ് സ്‌റ്റേഷനുകളിൽ 2,467 ഉം ത്രിതല പഞ്ചായത്തുകളിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഈ ബൂത്തുകളിൽ നടക്കും. ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുമടങ്ങിയ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ബൂത്തുകളിൽ ഉപയോഗിക്കുന്നത്. 653 പോളിങ് ബൂത്തുകളിലായാണ് തിരുവനന്തപുരം കോർപറേഷനിലെ 100 ഡിവിഷനിലെ വോട്ടെടുപ്പ് നടക്കുന്നത്. നാലു മുനിസിപ്പാലിറ്റികളിലെ 147 ഡിവിഷനുകളിലെ വോട്ടെടുപ്പിന് 161 ബൂത്തുകളും സജ്ജീകരിക്കും.


വോട്ടെടുപ്പിന്റെ തലേ ദിവസം പോളിങ് ബൂത്ത് പൂർണമായി അണുവിമുക്തമാക്കും. പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളും അണുവിമുക്തമാക്കും. നാല് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് നടപടികൾക്കായി ഒരു ബൂത്തിൽ വിന്യസിക്കുക. ഒപ്പം അറ്റൻഡറും പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. സാമൂഹ്യ അകലം പാലിച്ച്‌ ബൂത്ത് ഏജന്റുമാർക്കടക്കം സീറ്റ് ക്രമീകരിക്കും.

 

ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമാണ്. വോട്ടർമാർക്ക്‌ സാമൂഹ്യ അകലം പാലിച്ചു നിൽക്കുന്നതിന്‌ പോളിങ് ബൂത്തിനു മുമ്പിൽ നിശ്ചിത അകലത്തിൽ പ്രത്യേക അടയാളങ്ങളിടും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക്‌ ക്യൂ നിർബന്ധമില്ല. പോളിങ് സ്‌റ്റേഷന്റെ നിശ്ചിത ദൂരപരിധിക്ക്‌ പുറത്ത് സ്ഥാനാർഥികളുടെ സ്ലിപ്പ് വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ കരുതണമെന്നും കലക്ടർ നിർദേശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad