ചോറ്റാനിക്കര ദേവിക്ക് ഭക്തന്റെ വക 526 കോടി; അത്ഭുതത്തോടെ കേരളം - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

ചോറ്റാനിക്കര ദേവിക്ക് ഭക്തന്റെ വക 526 കോടി; അത്ഭുതത്തോടെ കേരളം

 


കേരളത്തിലെ പ്രശസ്തമായ  ചോറ്റാനിക്കര ദേവീക്ഷേത്രവും പരിസരവും നവീകരിക്കാൻ ഭക്തന്റെ വക 526 കോടി സംഭാവന. ബെംഗളൂരു ആസ്ഥാനമായ പ്രമുഖ വ്യവസായ സ്ഥാപനമായ ഗണ ശ്രാവൺ ഗ്രൂപ്പാണ് ക്ഷേത്ര പുനരുദ്ധാരണത്തിനു സംഭാവന നൽകുന്നത്.  എല്ലാ മാസവും പൗർണമി നാളിൽ  ദർശനത്തിനെത്തുന്ന സ്ഥാപന  ഉടമ ഗണ ശ്രാവൺ കഴിഞ്ഞ വർഷത്തെ നവരാത്രി ഉത്സവവേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നൽകാൻ താല്പര്യം അറിയിച്ച്  ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്.

ക്ഷേത്ര ഭാരവാഹികൾ കൊച്ചിൻ ദേവസ്വം ബോർഡിനെ വിവരം അറിയിച്ചു. ‌ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന തരത്തിലു​ള്ള പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷം നിർമാണം തുടങ്ങാനാണു ബോർഡ് തീരുമാനം. 5 വർഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂർത്തിയാക്കും.

ബി.ആർ.അജിത് അസോസിയേറ്റ്സാണു പദ്ധതി രൂപകൽപന ചെയ്യുന്നത്. 18 പ്രോജക്ടായി തിരിച്ചാണു നിർമാണം നടത്തുക. ഒന്നാം ഘട്ടത്തിൽ ശിൽപചാരുതയോടെ 2 ഗോപുരങ്ങളുടെ നിർമാണം ഉൾപ്പെടെ 8 പദ്ധതികൾക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 10 പദ്ധതികൾക്കായി 276 കോടിയുടെയും എസ്റ്റിമേറ്റാണു തയാറാക്കിയത്.

ആദ്യഘട്ടത്തിൽ ഗോപുര നിർമാണം, പൂരപ്പറമ്പ് ടൈൽ വിരിക്കൽ, സോളർ പാനൽ സ്ഥാപിക്കൽ, കല്യാണ മണ്ഡപം, സദ്യാലയം, അന്നദാന മണ്ഡപം, വിഐപി ഗെസ്റ്റ് ഹൗസ് എന്നിവയുടെ നിർമാണം, നവരാത്രി മണ്ഡപം ശീതീകരണം, ഗെസ്റ്റ് ഹൗസ് നവീകരണം എന്നിങ്ങനെ 8 പ്രോജക്ടുകളാണു നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിർമാണം, ടെംപിൾ സിറ്റി നവീകരണം, കന്റിൻ തുടങ്ങി 10 പദ്ധതികളും പൂർത്തിയാക്കും.

Post Top Ad