മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്‌കൃത നടപടി - സി പി ഐ - - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്‌കൃത നടപടി - സി പി ഐ -വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ ഒരാളെ വെടിവെച്ചു കൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലികളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അത്തരക്കാരെയെല്ലാം വെടിവെച്ചു കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല.

എഴുപതുകളില്‍  ഉദയം ചെയ്ത നക്‌സലൈറ്റ് പ്രസ്ഥാനവും  അവരുടെ ഉന്മൂലന പ്രവര്‍ത്തനങ്ങളും കേരളത്തില്‍ വേരോട്ടം നേടാതെ പോയത് വെടിവെയ്പുകള്‍ നടത്തിയിട്ടോ അവരെയെല്ലാം കൊന്നൊടുക്കിയതിന്റെ പേരിലോ അല്ല. കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ അവര്‍ക്ക് ലഭിക്കാതെ പോവുകയായിരുന്നു. 

ഇന്ന് തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം ഗൗരവത്തോടെ നടക്കുന്നതായി ബോധ്യപ്പെടുന്നില്ല. നടന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും പുറത്തു വരാതിരിക്കുന്നതും ശരിയായ സമീപനമല്ല.

കേരളത്തില്‍ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവര്‍ക്കുമറിയാം.തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളില്‍ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീര്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ല,

ഏത് ഭീഷണിയെപ്പറ്റിയും മനസ്സിലാക്കാന്‍ കേരള പോലീസില്‍ സംവിധാനവും, ഇടപെടാന്‍ സേനയും ഉണ്ടെന്നിരിക്കെ മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടര്‍ബോള്‍ട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്.

വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്‌ട്രേട്ട്തല അന്വേഷണം അടിയന്തരമായി നടത്തുകയും സമയബന്ധിതമായി റിപ്പോര്‍ട്ട് വാങ്ങി 

നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സ് ആയി ചേര്‍ന്ന കൗണ്‍സിലില്‍ കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി, കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

രാവിലെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവും തിരുവനന്തപുരത്ത് എം എന്‍ സ്മാരകത്തില്‍ യോഗം ചേര്‍ന്നു.

Post Top Ad