പൊതു സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണം ; പരാതി ലഭിച്ചാൽ ഉടൻ നടപടി - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

പൊതു സ്ഥലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണം ; പരാതി ലഭിച്ചാൽ ഉടൻ നടപടി

 


തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്  പ്രചരണത്തിന്റെ ഭാഗമായി രാഷ്ടീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ  ഉടന്‍ നീക്കംചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. നോട്ടീസ് ലഭിച്ചിട്ടും നീക്കംചെയ്തില്ലെങ്കില്‍ അവ നീക്കംചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കേണ്ടതാണ്.  പരസ്യ വസ്തുക്കൾ നീക്കം  ചെയ്യാൻ വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കണം.


ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചാരണോപാധികളും സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ അവിടെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നൽകേണ്ടതാണ്. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവച്ചിട്ടില്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തേണ്ടതാണ്. പ്രചാരണ സാമഗ്രികളായ  (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ സ്ഥാപിക്കാന്‍ പാടില്ലായെന്നും  പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Post Top Ad