മാസങ്ങൾക്കു ശേഷം മൃഗശാലയും മ്യൂസിയവും നാളെ മുതൽ സന്ദർശകർക്കായി തുറക്കുന്നു. കർശന നിയന്ത്രണങ്ങൾ അനുസരിച്ചാകും പ്രവേശനം അനുവദിക്കുക. മ്യൂസിയവും മൃഗശാലയും തുറന്നു പ്രവർത്തിപ്പിക്കുമ്പോൾ കർശന കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് കളക്ടർ അറിയിച്ചു. ഒരേ സമയം പ്രവേശിക്കുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദർശിക്കുന്നവരുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയാഗിച്ചു പരിശോധിക്കണം. മൃഗശാലയിൽ സന്ദർശനത്തിനെത്തുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. സന്ദർശിക്കുന്ന ഇടങ്ങളുടെ ശേഷിക്ക് അനുസരിച്ചുള്ള എണ്ണം ആളുകളെ മാത്രമേ ഒരു സമയം അനുവദിക്കാൻ പാടുള്ളൂവെന്നും ഇതനുസരിച്ചു ടിക്കറ്റുകൾ വിതരണം ചെയ്യണമെന്നും കളക്ടർ അറിയിച്ചു. ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ എഴുതി പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രവേശന കവാടങ്ങളിലും പുറത്തേക്ക് ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കണം. കഫ്റ്റീരിയ, കാന്റീൻ എന്നിവിടങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ടേക് എവേ കൗണ്ടറുകളാണ് അഭികാമ്യം. ഇരുന്നു ഭക്ഷണം കഴിക്കുന്ന ഇടങ്ങളിൽ ടേബിളുകൾ തമ്മിൽ ഒരു മീറ്റർ അകലം നിർബന്ധമായി പാലിക്കണം. അക്വേറിയം സന്ദർശിക്കാൻ ഒരു സമയം 20 പേരിൽ കൂടുതൽ അനുവദിക്കാൻ പാടില്ലായെന്നും കളക്ടർ അറിയിച്ചു.